ഒരുക്കങ്ങള്‍ പൂര്‍ണം: ചക്കുളത്തമ്മ പൊങ്കാല ഞായറാഴ്ച
Monday, October 21, 2013 8:16 AM IST
ന്യൂഡല്‍ഡി: ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊങ്കാല ഒക്ടോബര്‍ 27ന് (ഞായര്‍) നടക്കും. ചക്കുളത്ത് കാവില്‍ നിന്നും ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രമേശ് ഇളമണ്‍ നമ്പൂതിരി, പുഷ്പാംഗദന്‍ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവര്‍ ശനി രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേരും.

ശനി രാവിലെ അഞ്ചിന് സ്ഥല ശുദ്ധിക്കുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാ ദീപാരാധന, 6.45 മുതല്‍ രമേശ് ഇളമണ്‍ നമ്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടര്‍ന്ന് ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികള്‍.

രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 8.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡല്‍ഹി നിയമ സഭാ ഡെപ്യുട്ടി സ്പീക്കര്‍ അമരിഷ് സിംഗ് ഗൌതം, ഡല്‍ഹി നാരായണ കേന്ദ്ര പ്രസിഡന്റ് ബീനാ ബാബുറാം, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി. ചന്ദ്രന്‍, കൌണ്‍സിലര്‍ രാജീവ് വര്‍മ്മ, തുടങ്ങി സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

തുടര്‍ന്ന് ഒമ്പതിന് പൊങ്കാല. എ1 പാര്‍ക്കില്‍ നിര്‍മിക്കുന്ന താത്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്നും പകര്‍ത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പില്‍ ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി കൊളുത്തുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. പൊങ്കാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ സൌകര്യാര്‍ഥം അന്നേ ദിവസം രാവിലെ മുതല്‍ പൊങ്കാല കൂപ്പണുകളും മറ്റു പൂജകളും ബുക്ക് ചെയ്യുന്നതിനായി പ്രത്യേക കൌണ്ടറുകള്‍ ഒരുക്കുമെന്ന് ഖജാന്‍ജി കെ.പി ശിവദാസ് അറിയിച്ചു.

9.30 മുതല്‍ വികാസ്പുരി തത്ത്വമസി ഭക്തിഗാനസുധ അവതരിപ്പിക്കും. മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളൊരുക്കും. തുടര്‍ന്ന് വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചക്ക് അന്നദാനം എന്നിവ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡല്‍ഹി 9810477949, നോയിഡ 9811744625, ഫരിദാബാദ് 9871324403 ഗാസിയാബാദ് 9818204018.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി