മെല്‍ബണ്‍ ബ്രദേഴ്സ് സ്പോര്‍ട്സ് ക്ളബിന്റ്െ ഓണാഘോഷം ആവേശമായി
Thursday, October 17, 2013 7:04 AM IST
മെല്‍ബണ്‍: മെല്‍ബണിലെ പ്രശസ്തമായ മലയാളി കൂട്ടായ്മയും സ്പോര്‍ട്സ്, കല, കായികം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന മെല്‍ബണ്‍ ബ്രദേഴ്സിന്റെ ഓണാഘോഷം ആവേശപൂര്‍വം കൊണ്ടാടി.

ക്ളെറിണ്ട കമ്യൂണിറ്റി ഹാളില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ 10ന് അത്തപ്പൂവിടില്‍ മത്സരത്തോടെ ആരംഭിച്ചു. പ്രസിഡന്റ് ബോബി ജോസഫ് നിലവിളക്ക് തെളിച്ച് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിര, നാടന്‍ പാട്ടുകള്‍, കപ്പിള്‍ ഡാന്‍സ്, കൊടംതല്ലിപ്പൊട്ടിക്കല്‍, സുന്ദരിക്ക് പൊടുതൊടീല്‍, വടംവലി മത്സരം, വള്ളംകളി, കുട്ടികളുടെ കലാപരിപാടികള്‍, മെല്‍ബണ്‍ ബ്രദേഴ്സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, ഓണസദ്യ എന്നിവ നടന്നു.

മാത്യു ജോണ്‍ വയനാട് സ്വാഗതവും സെക്രട്ടറി ജെറി ജോണ്‍ നന്ദിയും പറഞ്ഞു. ആഘോഷപരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ സഹകരിച്ച ഏവര്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു. പീതള്‍സ് ഫോട്ടോഗ്രാഫി, മുണ്ടാക്കന്‍സ് ഗിഫ്റ്റ്സ് പരിപാടിയുടെ സ്പോണ്‍സര്‍മാരായിരുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍