നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാരംഭവും സമൂഹ ഊട്ടും നടത്തി
Monday, October 14, 2013 8:04 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാരംഭവും സമൂഹ ഊട്ടും നടത്തി. രാവിലെ നിര്‍മാല്യ ദര്‍ശനത്തോടെ ശ്രീകോവില്‍ നട തുറന്നു. അഷ്ട ദ്രവ്യ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് സരസ്വതി പൂജയും പൂജ എടുപ്പും നടന്നു.

ഉഷ:പൂജ, എതിര്‍ത്ത പൂജ എന്നിവയ്ക്കുശേഷം ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയാറാക്കി അലങ്കരിച്ച സരസ്വതീ രൂപത്തിന് മുമ്പിലെ നെയ്വിളക്കിനെ സാക്ഷിയാക്കി ക്ഷേത്ര മേല്‍ശാന്തി ശ്രീജിത്ത് അഡിഗള്‍ ആദ്യാക്ഷര പുണ്യം നുകരാനെത്തുന്ന കുരുന്നുകളുടെ നാവില്‍ സ്വര്‍ണാക്ഷരങ്ങളാല്‍ ഹരിശ്രീ കുറിച്ചു. തുടര്‍ന്ന് തളികയില്‍ നിറച്ച അരിയില്‍ കുഞ്ഞുങ്ങളുടെ കൈവിരലാല്‍ എഴുതിച്ചു.

ഡല്‍ഹിയിലെ ആദ്യത്തെ ദേവീ ക്ഷേത്രമായ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് കുട്ടികളെ അറിവിന്റെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ രാവിലെതന്നെ എത്തിച്ചേര്‍ന്നു. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ്, ഡല്‍ഹി സെക്രട്ടറി ഇ.കെ ശശിധരന്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉച്ച ദീപാരാധനക്കുശേഷം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം വര്‍ഷം തോറും തിരുവോണത്തോടനുബന്ധിച്ച് നടത്തി വരാറുള്ള സമൂഹ ഊട്ടില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ആരാധന എന്‍ക്ളേവ് ഭജന സമിതിയിലെ ശോഭ പ്രകാശ് സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ വിജയദശമി ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി