സ്വിറ്റ്സര്‍ലാന്‍ഡില്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്
സൂറിച്ച്: തിരുവോണനാളിനോട് അടുത്തുള്ള ദിവസം ഓണം ആഘോഷവുമായി സ്വിറ്റ്സര്‍ലാന്‍ഡിലെ മലയാളി സാമൂഹ്യ, സാംസ്കാരിക സംഘടനയായ കേളി ഒരുങ്ങി. സെപ്റ്റംബര്‍ 14 ന് (ശനി) സൂറിച്ചിലെ കുസ്നാഹ്റ്റ് ഹാളിലാണ് ഓണാഘോഷം. വിശിഷ്ടാതിഥിയായി ആന്റോ ആന്റണി എംപി പങ്കെടുക്കും. ഓണസദ്യക്ക് പുറമേ കലസന്ധ്യയും അരങ്ങേറും. പിന്നണി ഗായകരായ പ്രദീപ് പള്ളുരുത്തിയും സയനോരയും ഒരുക്കുന്ന ഗാനമേള, സ്വിസ് കലാപ്രതിഭകള്‍ ഒരുക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

കേളിയുടെ കലസന്ധ്യകളില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മാത്രം വിനിയോഗിക്കുന്നു. ഒന്നര കോടി രൂപയോളം വിവിധ പ്രോജക്റ്റുകളിലൂടെ കേളി കേരളത്തില്‍ ചെലവഴിച്ചു.

ഓണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് കണ്‍വീനര്‍ ഷാജി ചങ്ങെത്ത് അറിയിച്ചു. പ്രസിഡന്റ് ജോയ് വെള്ളൂകുന്നേല്‍ സെക്രട്ടറി ജോസഫ് ചെന്നംപരമ്പില്‍ ട്രഷറര്‍ ഷാജി കൊട്ടാരത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍