വിമാനയാത്രക്കൂലി വന്‍തോതില്‍ വര്‍ധിപ്പിച്ചതിനെതിരേ പ്രതിഷേധം
ന്യൂഡല്‍ഹി: ഓണക്കാലം പ്രമാണിച്ച് വിമാന യാത്രക്കൂലി വന്‍തോതില്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ ഗള്‍ഫ് മലയാളികളെ ചൂഷണം ചെയ്യുകയാണെന്നു എം.പി. അച്യുതന്‍ എംപി. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വ്യോമയാന മന്ത്രാലയം നടപടിയെടുക്കണമെന്നും രാജ്യസഭയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഗള്‍ഫ് മലയാളികളുടെ പ്രധാന ആശ്രയമായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓണക്കാലത്തെ തിരക്ക് മുതലെടുത്ത് അടിസ്ഥാന ടിക്കറ്റ് നിരക്ക് 5000 രൂപയില്‍ നിന്ന് 30,000 രൂപ വരെയായി ഉയര്‍ത്തിയെന്ന് അച്യുതന്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. മലയാളികള്‍ക്ക് ഓണത്തിനു നാട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിച്ച്, ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വ്യോമയാന മന്ത്രാലയം നടപടിയെടുക്കണമെന്നും അച്യുതന്‍ ആവശ്യപ്പെട്ടു.

അതേസമയം, ടിക്കറ്റ് നിരക്കു നിശ്ചയിക്കുന്നതു വിമാനക്കമ്പനികളാണെന്നും സര്‍ക്കാരിന് അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ആവശ്യക്കാരേറുമ്പോള്‍ ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തിന് ഇടപെടാന്‍ കഴിയില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.