സാമ്പത്തികപ്രതിസന്ധി; മികച്ച നേതാക്കളുടെ അഭാവം: രത്തന്‍ ടാറ്റ
Wednesday, August 28, 2013 7:54 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വഷളാക്കുന്നത് മികച്ച നേതാക്കളുടെ അഭാവമെന്ന് രത്തന്‍ ടാറ്റ. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രത്തന്‍ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയത്. ചില നേതാക്കളുടെ പൊതു ജീവിതത്തെ താന്‍ എന്നും ഏറെ ബഹുമാനിക്കുന്നുണ്ടെന്നും രാജ്യത്തെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ ശേഷിയുള്ള നേതാക്കളെ ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുണ്ടെന്നും രത്തന്‍ ടാറ്റ പറഞ്ഞു.

ദേശീയ താല്‍പര്യത്തിന് മുകളില്‍ സ്വകാര്യ താല്‍പര്യങ്ങള്‍ വെയ്ക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ സംഘവും രാഷ്ട്രീയവൃത്തങ്ങളും രാജ്യത്തെ ഒരേ ദിശയിലേക്കാണ് നയിക്കേണ്ടതെന്നും രത്തന്‍ ടാറ്റ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവിടെ സംസ്ഥാനങ്ങള്‍ ഒരു ദിശയിലും സഖ്യകക്ഷികള്‍ മറ്റൊരു ദിശയിലും സര്‍ക്കാര്‍ മറ്റൊരു ദിശയിലുമാണ് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.