ലോ ഫ്ളോര്‍ ബസുകള്‍ വാങ്ങാന്‍ കേന്ദ്രാനുമതി
Wednesday, August 14, 2013 7:31 AM IST
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു നഗരവികസന പദ്ധതി (ജനോറാം) അനുസരിച്ചു പതിനായിരം പുതിയ ലോ ഫ്ളോര്‍ ബസുകള്‍ വാങ്ങാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ലാഭത്തിലുള്ള എച്ച്എംടിയുടെ കളമശേരി യൂണിറ്റിലും എച്ച്എംടി ഉള്‍പ്പെടെ വലിയ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 10 പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളുടെയും കുടിശിഖ തീര്‍ക്കാനായി 128.26 കോടി രൂപ പ്രത്യേകമായി അനുവദിക്കാനും ഈ കമ്പനികളുടെ പുനരുദ്ധാരണ പദ്ധതി വേഗത്തില്‍ നടപ്പാക്കാനും ഇന്നലെ രാത്രി ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൊച്ചിക്കടുത്തു കണ്ടക്കടവില്‍ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള 30 കോടി രൂപയുടെ മാതൃകാ ഡീസാലിനേഷന്‍ പ്ളാന്റ് സ്ഥാപിക്കുന്നതിനും കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഈ പദ്ധതിയുടെ പഠനത്തിനായി 27-നു കേന്ദ്രസംഘം കൊച്ചിയിലെത്തുമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ് അറിയിച്ചു.

ഓലമടല്‍ അടക്കമുള്ള ഓര്‍ഗാനിക് മാലിന്യങ്ങളും മറ്റും കത്തിച്ചു ശുദ്ധജലവും വൈദ്യുതിയും ഉത്പാദിപ്പിക്കാന്‍ കണ്ടക്കടവിലെ ഡീസാലിനേഷന്‍ പ്ളാന്റിനു കഴിയുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്ച്എംടിയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു യൂണിറ്റുകളില്‍ നിന്നു ലാഭകരമായ കളമശേരി യൂണിറ്റിനെ വേര്‍പെടുത്തി രക്ഷിക്കണമെന്നു മന്ത്രിസഭാ യോഗത്തില്‍ എറണാകുളം എംപി കൂടിയായ മന്ത്രി കെ.വി. തോമസ് നിര്‍ദേശിച്ചു. പ്രതിരോധമന്ത്രി എ.കെ. ആന്റണിയും പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും ഇതിനെ അനുകൂലിച്ചു. കളമശേരി യൂണിറ്റിനു സ്വതന്ത്രമാക്കണമെന്ന നിര്‍ദേശത്തോടു ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പും പബ്ളിക് എന്‍ട്രര്‍പ്രൈസസ് വകുപ്പും ഭിന്ന നിലപാടാണു സ്വീകരിക്കുന്നതെന്നു തോമസ് ചൂണ്ടിക്കാട്ടി. വലിയ നഷ്ടത്തിലായ എച്ച്എംടിയോടൊപ്പം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കളമശേരി യൂണിറ്റും നശിക്കുന്ന നില ഒഴിവാക്കണമെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കു ബസുകള്‍ വാങ്ങാന്‍ ചെലവിന്റെ 80 ശതമാനവും പത്തു ലക്ഷത്തിനും 40 ലക്ഷത്തിനുമിടയില്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കു ബസുകള്‍ വാങ്ങാന്‍ ജനോറാം പദ്ധതിയനുസരിച്ചു 50 ശതമാനവും കേന്ദ്രം സഹായം നല്‍കും. ഇതിനായി യഥാക്രമം സംസ്ഥാന സര്‍ക്കാര്‍ 10 ശതമാനവും 20 ശതമാനവും തുക മുടക്കിയാല്‍ മതിയാകും. ബാക്കി തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു സമാഹരിക്കും. കേരളത്തിലെ നഗരങ്ങള്‍ക്കു പദ്ധതി വലിയ നേട്ടമാകും.

40 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളിലേക്കു പുതിയ ബസുകള്‍ വാങ്ങാന്‍ കേന്ദ്രം 35 ശതമാനവും അതാതു സംസ്ഥാനങ്ങള്‍ 15 ശതമാനവും ശേഷിച്ച 50 ശതമാനം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാകും ലഭ്യമാക്കുക.