ജലന്ധര്‍ ബിഷപ്പായി ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമേറ്റു
Monday, August 5, 2013 3:12 AM IST
ജലന്ധര്‍: ആയിരങ്ങളടങ്ങിയ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ജലന്തര്‍ രൂപതയുടെ പുതിയ ഇടയനായി ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമേറ്റു. ജലന്ധര്‍ ഹോളി ട്രിനിറ്റി റീജണല്‍ മേജര്‍ സെമിനാരി ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ ജെ.ടി. കൂട്ടോ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, പീറ്റര്‍ സെലസ്റിന്‍, ജലന്തര്‍ രൂപതയുടെ സ്ഥാപക ബിഷപ്പായ ഡോ. സിംഫോറിയന്‍ കീപ്പുറത്ത്, ബിഷപ്പുമാരായ മാര്‍ എബ്രഹാം വിരുതികുളങ്ങര, മാര്‍ പോള്‍ ചിറ്റിലപ്പള്ളി, ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ആന്റണി ചിറയത്ത്, ഡോ. റാഫി മഞ്ഞളി, ജേക്കബ് മാര്‍ ബര്‍ണബാസ് തുടങ്ങിയവരും കാര്‍മികത്വം വഹിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നൂറുകണക്കിനു വൈദികരും സന്യാസിനികളും ആയിരങ്ങളടങ്ങിയ ഡല്‍ഹിയിലെയും ജലന്തറിലെയും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.