ഡല്‍ഹിയില്‍ വന്‍ആയുധവേട്ട
Thursday, July 18, 2013 7:47 AM IST
ന്യൂഡല്‍ഹി: രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ തെരച്ചിലില്‍ 99 ആധുനിക പിസ്റളുകളും 198 മാഗസിനുകളും (തോക്കില്‍ വെടിയുണ്ട നിറക്കുന്ന ഭാഗം) പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. ബിഹാറില്‍ നിന്നും അംബസിഡര്‍ കാറിന്റെ പ്രത്യേക അറയില്‍ ഒളിപ്പിച്ച ആയുധങ്ങളുമായി ഡല്‍ഹിയിലേക്കെത്തിയതായിരുന്നു പിടിയിലായവര്‍. ഇവര്‍ക്ക് രാജ്യന്തര ആയുധ കടത്ത് സംഘവുമായി ബന്ധമുള്ളതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി. 25,000 രൂപാ വീതം വില വരുന്ന 99 പിസ്റളുകളാണ് പിടിച്ചെടുത്തിരിക്കുന്നതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.