ക്നാനായ സമുദായത്തിലെ പ്രഥമ മിഷന്‍ മെത്രാന്‍ സപ്തതിയുടെ നിറവ്
Wednesday, June 5, 2013 8:12 AM IST
നാഗ്പൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ഏബ്രഹാം വിരുത്തക്കുളങ്ങരയ്ക്ക് ജൂണ്‍ അഞ്ചിന് എഴുപത് വയസ് തികയും.

കല്ലറ പുത്തന്‍പള്ളി ഇടവകയില്‍ വിരുത്തക്കുളങ്ങര ലൂക്കോസ് ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1943 ജൂണ്‍ അഞ്ചിന് ജനിച്ചു. കല്ലറ എന്‍എസ്എസിലെ പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം ഒരു മിഷനറിയാകണമെന്ന ആഗ്രഹത്തോടെ എസ്വിഡി സമൂഹത്തില്‍ ചേര്‍ന്ന് ഇന്‍ഡോര്‍ രൂപതയ്ക്കുവേണ്ടി 1969 ഒക്ടോബര്‍ 28 ന് അദ്ദേഹം പൌരോഹിത്യം സ്വീകരിച്ചു. കര്‍മരംഗത്ത് സ്തുത്യര്‍ഹമായി ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന അവസരത്തില്‍ ഇന്‍ഡോര്‍ രൂപത വിഭജിച്ച് പുതുതായി രൂപീകരിച്ച ഖാണ്ഡുവ രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം നിയമിക്കപ്പെട്ടു.

1977ല്‍ 33-ാമത്തെ വയസില്‍ ഖാണ്ഡുവ രൂപതയുടെ ഇടയനായി ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹം ഇന്ത്യയിലെ നൂറാമത്തെ ബിഷപ്പും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പുമായിരുന്നു.

ഖാണ്ഡുവ രൂപതയെ ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ച്ചയുടെ വലിയ പടവുകളിലേക്കു നയിക്കുവാന്‍ മാര്‍ ഏബ്രഹാം വിരുത്തക്കുളങ്ങരക്കു കഴിഞ്ഞു. പരിഷ്കാരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു ജനസമൂഹത്തില്‍ ദൈവത്തിന്റെ സഭയെ പണിതുയര്‍ത്തുക ഭഗരീഥ പ്രയത്നമായിരുന്നു. പ്രസാദാത്മകമായ വ്യക്തിത്വവും സൌഹൃദത്തിലുള്ള പെരുമാറ്റവും കൊണ്ട് സര്‍വരെയും കൂട്ടിയിണക്കി അദ്ദേഹം മുന്നേറിയപ്പോള്‍ അത്ഭുതകരമായ വളര്‍ച്ചയാണ് ഖാണ്ഡുവ രൂപതയ്ക്കു സ്വായത്തമാക്കാന്‍ കഴിഞ്ഞത്.

1998ല്‍ അദ്ദേഹം നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. ക്രിയാത്മകമായ നേതൃത്വത്തിലൂടെ അതിരൂപതയില്‍ വലിയ മുന്നേറ്റമുണ്ടാക്കുവാന്‍ വിരുത്തക്കുളങ്ങര പിതാവിനു കഴിഞ്ഞു.

സിബിസിഐ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍, സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിന്റെ ഗവേണിംഗ് ബോഡി മെംബര്‍, കോഓര്‍ഡിനേറ്റര്‍ ഓഫ് സോഷ്യല്‍ ആക്റ്റിവിറ്റീസ് ഇന്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ തുടങ്ങിയ നിരവധി സ്ഥാനമാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ജീസസ് യൂത്തിന്റെ ദേശീയ ആത്മീയ ഉപദേഷ്ടാവായും സേവനമനുഷ്ഠിക്കുന്നു.

അര്‍പ്പണബോധം, കഠിനാധ്വാനം, ആത്മവിശ്വാസം, ലാളിത്യം, പ്രായോഗികബുദ്ധി, സ്നേഹബന്ധങ്ങള്‍, സഭാസ്നേഹം, സുവിശേഷ പ്രതിബദ്ധത, വലിപ്പചെറുപ്പമില്ലാതെയുള്ള ഇടപെടല്‍ എന്നിവ വിരുത്തക്കുളങ്ങര പിതാവിന്റെ മുഖമുദ്രകളാണ്.

കല്ലറക്കാര്‍ക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനു തുല്യനാണ്. നാട്ടില്‍ വന്നാല്‍ ബന്ധുക്കളെയും അയല്‍ക്കാരെയും നാട്ടുകാരെയുമൊക്കെ ഒപ്പമിരുത്തി സൌഹൃദത്തിന്റെ തൂവല്‍സ്പര്‍ശം നല്‍കാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. ആഘോഷങ്ങളില്‍ നിന്ന് എന്നും അകന്നു നില്‍ക്കുന്ന വിരുത്തക്കുളങ്ങര പിതാവിന്റെ സപ്തതിയും ലാളിത്യത്തോടെ കടന്നു പോകും. ജൂണ്‍ ആറിന് തറവാട്ടില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ അദ്ദേഹം പങ്കെടുക്കുന്നതുമാത്രമാണ് സപ്തതിയുടെ പ്രത്യേകത. അനന്യമായ പ്രവര്‍ത്തന ശൈലിയിലൂടെ നീങ്ങുന്ന വിരുത്തക്കുളങ്ങര പിതാവിന്റെ കര്‍മമേഖല ഇനിയും കൂടുതല്‍ പ്രശോഭിതമാകട്ടെ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം