പൂര ലഹരിയിൽ നിറഞ്ഞാടിയ തൃർ ജില്ലാ സംഗമം ഗംഭീരമായി
Thursday, July 19, 2018 9:49 PM IST
ലണ്ടൻ: തൃശൂർ ജില്ലയുടെ ബ്രിട്ടനിലെ പ്രവാസി സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഞ്ചാമത് ജില്ലാ കുടുംബസംഗമം ഗ്രേറ്റർ ലണ്ടനിലെ ഹെമൽഹെംസ്റ്റഡ് ഹൗഫീൽഡ് കമ്യൂണിറ്റി ഹാൾ സാക്ഷ്യം വഹിച്ചു.

തനതായ തൃശൂർ രുചിയുള്ള ഭക്ഷണത്തിനുശേഷം നൃത്തച്ചുവടുകളുമായി ആഗ്ന മൈക്കിളിന്‍റെ ഫോൾക്ക് ഡാൻസും റോസ് വിന്നിയുടെ മോഹിനിയാട്ടവും ജുവാന കടവിയുടെ സിംഗിൾ ഡാൻസും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ആര്യാനും ജെയിയും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും കാഴ്ചക്കാരെ നൃത്തത്തിന്‍റെ വിസ്മയലോകത്തേയ്ക്കാണ് കൊണ്ടുപോയത്.

പ്രഫഷണൽ ഗാനമത്സരങ്ങളെ കവച്ചുവയ്ക്കുന്ന തരത്തിൽ ഗാനത്തിന്‍റെ സ്വരലയതാളങ്ങളിലേയ്ക്ക് പ്രേക്ഷകരെ കൊണ്ടുപോയ കവിത മേനോൻ, സ്മൃതി സനീഷ്, കെ.ജെയലക്ഷ്മി എന്നിവരുടെ ഗാനാലാപനം സദസിന്‍റെ പ്രശംസ പിടിച്ചുപറ്റി.

തബലകൊണ്ടും ഹാർമോണിയം കൊണ്ടും ക്ലാസിക്കൽ ഫ്യൂഷൻ ചെയ്ത് ഗൗതമും അർജുനും ഗിറ്റാർ കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അനഘ അന്പാടിയും പ്രേക്ഷകരിൽ സംഗീതത്തിന്‍റെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു. പ്രഫഷണൽ ഫ്ളൂട്ട് രംഗത്ത് യുകെയിലെ അതികായനായ അനന്തപത്മനാഭന്‍റെ ഫ്ളൂട്ടുവായന പ്രേക്ഷകരെ സംഗീതമഴയുടെ മേച്ചിൽപ്പുറങ്ങളിലേയ്ക്ക് കൊണ്ടുപോയി.

ജില്ലാ സംഗമത്തിലെ സ്വയം പരിചയപ്പെടുത്തൽ ചടങ്ങ് ജില്ലാനിവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പതിനഞ്ച് കൊല്ലത്തിലധികമായി ഇവിടെ താമസിച്ചിട്ടും നാട്ടിലെ തങ്ങളുടെ പരിചയക്കാരെയും അവരുടെ മക്കളേയും കണ്ടുമുട്ടുന്നതിന് ജില്ലാസംഗമം സാക്ഷ്യംവഹിച്ചുവെന്നുള്ളത് ഏറെ ശ്രദ്ദേയമായി.

പ്രവാസിജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ നമുക്കോരോരുത്തർക്കും നല്ല ഒരു ആരോഗ്യപരമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുക്കുകയും സംശയങ്ങൾക്കുള്ള വ്യക്തമായ മറുപടി നൽകുകയും ചെയ്ത് യുകെയിലെ ആരോഗ്യരംഗത്തെ ഡോക്ടർമാരിൽ പ്രമുഖനും തൃശൂർ ജില്ലാ നിവാസിയുമായ ഡോ.ഗോഡ്വിൻ സൈമണ്‍ നയിച്ച ആരോഗ്യവിജ്ഞാന ക്ലാസ് ജില്ലാനിവാസികളെ പുതിയ അറിവിന്‍റെയും വിജ്ഞാനത്തിന്‍റെയും മേഖലയിലേയ്ക്ക് കൊണ്ടുപോയി.

യുകെയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ മികച്ച സേവനങ്ങൾ ചെയ്യുന്ന ജില്ലാ നിവാസികളെ തൃശൂർ ജില്ലാ സൗഹൃദവേദി അഭിനന്ദിച്ചു. യുകെയിലെ അറിയപ്പെടുന്ന എഴുത്ത്കാരിയും കവയത്രിയും സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവും തൃശൂർ ജില്ലാനിവാസിയുമായ സിസിലി ജോർജിനെ തൃശൂർ ജില്ലാസൗഹൃദവേദിയുടെ വനിതാ വിംഗ് ലീഡറായ ഷൈനി ജീസൻ ബൊക്കെ നൽകി ആദരിച്ചു. സാമുദായിക സംഘടനയായ സേവനം യുകെയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ ജില്ലാ നിവാസിയായ ഡോ.ബിജു പെരിങ്ങത്തറയ്ക്ക്, കഴിഞ്ഞ ലണ്ടൻ ഒളിന്പിക്സിൽ ഇംഗ്ലണ്ടിനുവേണ്ടി ബാഡ്മിന്‍റണ്‍ കളിച്ചിരുന്ന രാജീവ് ഒൗസേഫിന്‍റെ പിതാവ് ജോ ഒൗസേഫ് ബൊക്കെ നൽകി അഭിനന്ദിച്ചു. ഇരുവരും തങ്ങൾക്കു നൽകിയ അഭിനന്ദനങ്ങൾക്ക് മറുപടി പ്രസംഗത്തിൽ നന്ദി പറഞ്ഞു.
റാഫിൽ ടിക്കറ്റ് വിജയിക്കൾക്കുള്ള സമ്മാനങ്ങൾ ഉദ്ഘാടകനായ ഫിലിപ്പ് എബ്രാഹം നൽകി. തൃശൂർ ജില്ലാ സ്വദേശിയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ബ്രിട്ടനിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവുമായ ടി.ഹരിദാസിന്‍റെ നിർലോഭമായ പിന്തുണയ്ക്ക് ഭാരവാഹികൾ നന്ദി പറഞ്ഞു. പരിപാടികൾക്ക് ജെപി നങ്ങിണി, ഷൈനി ജീസൻ, മോഹൻദാസ് കുന്നൻചേരി, മിൻസി ജോജി, ഷീല രാമു, ബ്രിന്‍റോ ആന്‍റണി എന്നിവർ നേതൃത്വം നൽകി.

കവിതാ മേനോൻ ആലപിച്ച പ്രാർഥനയോടെ ആരംഭിച്ച അഞ്ചാമത് ജില്ലാകുടുംബസംഗമം മലയാളിയും പ്രമുഖ പത്രപ്രവർത്തകനും മികച്ച സാമൂഹ്യ സാംസ്കാരിക നായകനും ഗ്രേറ്റർ ലണ്ടനിലെ ലൗട്ടൻ ടൗണ്‍ കൗണ്‍സിലിന്‍റെ മുൻ മേയറും നിലവിലെ കൗണ്‍സിലറുമായ ഫിലിപ്പ് ഏബ്രഹാം സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അഡ്വ. ജയ്സൻ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. യോഗത്തിൽ തൃശൂർ ജില്ലാ നിവാസിയും ലണ്ടനിലെ കൃഷ് മോർഗൻ സോളിസിറ്റേഴ്സിലെ സോളിസിറ്റർ സുരേഷ്, യുകെയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തൃശൂർ മെഡിക്കൽ കോളജിന്‍റെ പൂർവവിദ്യാർഥി സംഘടനയുടെ പ്രതിനിധിയായ ഡോ.സുനിൽ കൃഷ്ണൻ, തൃശൂർ ജില്ലാ സൗഹൃദവേദിയുടെ മുൻ രക്ഷാധികാരിയായ മുരളി മുകുന്ദൻ, ലണ്ടനിലെ സാമുദായിക സംഘടനയുടെ സജീവ സാന്നിധ്യവും തൃശൂർ ജില്ലാ നിവാസിയുമായ എ.പി.രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ജെപി നങ്ങിണി സ്വാഗതവും വൈസ് പ്രസിഡന്‍റ് ജീസൻ പോൾ കടവി നന്ദിയും പറഞ്ഞു.