ബ്രിട്ടീഷ് സർക്കാരിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച് പ്രതിരോധ മന്ത്രിയും രാജിവച്ചു
Tuesday, July 17, 2018 10:43 PM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് ഒരു കാബിനറ്റ് മന്ത്രി കൂടി രാജിവച്ചു. പ്രതിരോധ മന്ത്രി ഗുട്ടോ ബെബ്ബാണ് ഏറ്റവുമൊടുവിൽ രാജി നൽകിയിരിക്കുന്നത്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ആവശ്യപ്പെടുന്ന പത്ത് എംപിമാർ സർക്കാരിനെതിരേ വോട്ട് ചെയ്യുമെന്നും ഭീഷണി മുഴക്കിയിരിക്കുകയാണ്. ബ്രെക്സിറ്റ് വിഷയത്തിൽ വീണ്ടും ഹിതപരിശോധന നടത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.ജസ്റ്റിൻ ഗ്രീനിങ്ങാണ് വീണ്ടും ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന ആദ്യ സീനിയർ ടോറി എംപി.

ബ്രെക്സിറ്റ് ബില്ലിൽ ഭേദഗതി നിർദേശിച്ച് സർക്കാർ അവതരിപ്പിച്ച ബില്ല്, പത്തു പേർ വിട്ടുനിന്നെങ്കിലും വോട്ടെടുപ്പിൽ കഷ്ടിച്ച് പാസായി. യൂറോവിരുദ്ധർ നിർദേശിച്ച ഭേദഗതികളാണ് പാസായിരിക്കുന്നത്.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ