ഭക്തിയുടെ നിറവിൽ ജർമനിയിൽ മാതാവിന്‍റെ തിരുനാൾ ആഘോഷിച്ചു
Tuesday, July 17, 2018 10:34 PM IST
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാളും മുപ്പത്തിയെട്ടാമത് ഇടവക ദിനവും ഭക്തിനിർഭരമായ കർമ്മങ്ങളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. കൊളോണ്‍ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.

ജൂലൈ 7 ന് വൈകുന്നേരം 5നു നടന്ന ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ കാർമികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടർന്നു നടപ്പുവർഷത്തെ പ്രസുദേന്തി ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടം കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകന്പടിയിൽ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഇഗ്നേഷ്യസ് അച്ചൻ കൊടിയേറ്റിയത്. യൂത്ത് കൊയറിന്‍റെ ഗാനാലാപനം ഭക്തിനിർഭരമായി.

തിരുനാളിന്‍റെ മുഖ്യദിനമായ ജൂലൈ 8 ന് രാവിലെ 10 ന് യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ സമൂഹബലിയിൽ കൊളോണ്‍ അതിരൂപതാ സഹായമെത്രാൻ ഡൊമിനിക്കുസ് ഷ്വാഡെർലാപ്പ്, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, റോണ്‍ഡോർഫ്, ഇമ്മൻഡോർഫ്, ഗോഡോർഫ്, മെഷനിഷ് എന്നീ ഇടവകകളുടെ മുഖ്യവികാരിയായ ഫാ.ജോർജ് വെന്പാടുംതറ സിഎംഐ, ഫാ.മനോജ് ജോർജ്, ജർമൻ ഇടവക വികാരി ഫാ.സ്ഡിസ്റ്റാവു ടൊന്പോറോസ്കി, ഫാ. മാത്യു വെന്പാല എംഎസ്എഫ്എസ് എന്നിവർ സഹകാർമികരായിരുന്നു. സഹായമെത്രാൻ ഡൊമിനിക്കുസ് ഷ്വാഡെർലാപ്പ് തിരുനാൾ സന്ദേശം നൽകി. കമ്യൂണിറ്റിയുടെ ഭാഗമായ യുവജനഗായക സംഘം ആലപിച്ച ഗാനങ്ങൾ ദിവ്യബലിയെ ഭക്തിയുടെ ചൈതന്യത്തിൽ സജീവമാക്കി. പ്രസുദേന്തി വാഴ്ചയിൽ ഈ വർഷത്തെ പ്രസുദേന്തിക്കൊപ്പം അടുത്ത വർഷത്തെ പ്രസുദേന്തിയായ ഹാനോ തോമസ് മൂറിനെ പുഷ്പമുടിയണിയിച്ച് കത്തിച്ച മെഴുകുതിരിയും നൽകി ആശീർവദിച്ചു. സാബു ചിറ്റിലപ്പിള്ളി, സെറിൻ കിഴക്കേത്തോട്ടം എന്നിവർ ലേഖനം വായിച്ചു നോയൽ ജോസഫ്, ജിം ജോർജ്, ജോയൽ കുന്പിളുവേലിൽ, ഡാനി ചാലായിൽ, നോബിൾ & നോയൽ കോയിക്കേരിൽ, മായ ഹെലേന വെന്പാനിക്കൽ, ആൻ മേരി സണ്ണി എന്നിവർ ദിവ്യബലിയിൽ ശുശ്രൂഷകരായിരുന്നു. രൂപതയുടെ കത്തോലിക്കാ വിഭാഗം ഇൻറ്റർനാഷണൽ മേധാവി മാർക്കുസ് ഹേഗ് തിരുനാളിൽ പങ്കെടുത്തു.

ദിവ്യബലിക്കു ശേഷം കുരിശ്, കൊടികൾ, പേപ്പൽ പതാകകൾ, മുത്തുക്കുടകൾ എന്നിവ കൈയ്യിലേന്തി മരിയൻ പ്രാർത്ഥനയും ഉരുവിട്ട് പ്രദക്ഷിണം നടന്നു. തേക്കിൻ തടിയിൽ തീർത്ത് കേരളത്തിൽ നിന്നും കൊണ്ടുവന്ന രൂപക്കൂടിൽ മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നഗരം ചുറ്റിനടന്ന പ്രദക്ഷിണത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികൾ പങ്കെടുത്തത് പരി. മാതാവിനോടുള്ള ഭയഭക്തി വിളിച്ചോതി. ജോണ്‍ പുത്തവീട്ടിലെിന്‍റ നേതൃത്വത്തിൽ നടത്തിയ കേരള കലാലയത്തിലെ കലാകാരന്മാരുടെ ചെണ്ടമേളം തിരുനാളിന് കൊഴുപ്പേകി. പേപ്പൽ വർണത്തിലുള്ള കുടകൾ വേദപാഠക്ളാസിലെ ചെറുകുരുന്നുകൾ കൈകളിലേന്തി പ്രദക്ഷിണത്തെ ധന്യമാക്കി. എഫ്സിസി സിസ്റ്റേഴ്സ് റോഡൻകിർ0ഷൻ തയ്യാറാക്കിയ നേർച്ച ചിറപ്പണത്ത് പിതാവ് വെഞ്ചരിച്ച് വിളന്പിിതിനു ശേഷം സമൂഹവിരുന്നും നടന്നു.

ഉച്ചകഴിഞ്ഞ് 2ന് ദേവാലയ അങ്കണത്തിൽ നടന്ന സമാപന സമ്മേളനം ജർമനിയിലെ എഫ്സിസി സിസ്റ്റേഴ്സ് ആലപിച്ച പ്രാർഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. സ്വാഗതം ആശംസിച്ചു. മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഫാ ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, പ്രസുദേന്തി കുടുംബങ്ങളായ ഒൗസേപ്പച്ചൻ, ട്രീസ കിഴക്കേത്തോട്ടം ഹാനോ മൂർ, വിജി ഹാനോ എന്നിവർ ചേർന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശംസാ പ്രസംഗത്തിൽ കൊളോണിലെ ഇന്ത്യൻ കൂട്ടായ്മയുടെ ചിട്ടയായ പ്രവർത്തനങ്ങളെ മാർ ചിറപ്പണത്ത് പ്രശംസിച്ചു.

തുടർന്നു ജർമൻ മലയാളി സമൂഹത്തിലെ ഒന്നും രണ്ടും മൂന്നും തലമുറക്കാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ തിരുനാളാഘോഷത്തിന് മാറ്റുകൂട്ടി. രണ്ടാം തലമുറക്കാരിയും നർത്തകിയുമായ റിയാ തടത്തിൽ പരിപാടികളുടെ അവതാരകയായി. ചടങ്ങിൽ ലോട്ടറി നറുക്കെടുപ്പിൽ വിജയികളായ പത്തു പേരുടെ സമ്മാനദാനം മാർ ചിറപ്പണത്ത് നിർവഹിച്ചു. ജർമനിയിലെ വുപ്പർത്താൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുന്തിയ ട്രാവൽ ഏജൻസി ലോട്ടസ് ട്രാവൽസ് സ്പോണ്‍സർ ചെയ്ത ഒന്നാം സമ്മാനമായ എയർ ടിക്കറ്റ് ലോട്ടസ് ട്രാവൽസ് എംഡി സണ്ണി തോമസ് കോട്ടയ്ക്കമണ്ണിൽ സമ്മേളനത്തിൽ കൈമാറി. ഫ്രാങ്ക്ഫർട്ടിൽ നിന്നും കൊച്ചിയ്ക്കുള്ള (എയർ ഇന്ത്യ) എയർ ടിക്കറ്റായിരുന്നു (ടു ആന്‍റ് ഫ്രോ) ലോട്ടറിയുടെ ഒന്നാം സമ്മാനം.കരിന്പിൽ ആംബുലാന്‍റ് ഫ്ളീഗേഡീൻസ്റ്റ് സ്പോർസണ്‍ ചെയ്തതായിരുന്നു രണ്ടാം സമ്മാനം.

ഈ വർഷത്തെ പ്രസുദേന്തിയായ പാലാ, പൂഞ്ഞാർ സ്വദേശി ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടം, ഭാര്യ ട്രീസ, മക്കളായ ബ്ളസൻ, ജോസണ്‍, സെറിൻ എന്നിവർക്കു പുറമെ തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപീകരിച്ച 19 കമ്മറ്റികളിലായി നൂറ്റിഇരുപത്തിയഞ്ചിലേറെ വരുന്ന കമ്മിറ്റിയംഗങ്ങളും കമ്യൂണിറ്റിയുടെ കോഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ ഡേവീസ് വടക്കുംചേരി, തോമസ് അറന്പൻകുടി, ആന്‍റണി സഖറിയ, ഷീബ കല്ലറയ്ക്കൽ, ഗ്രിഗറി മേടയിൽ, യോഹന്നാൻ വാരണത്ത്, ബേബി നെടുംകല്ലേൽ എന്നിവരുടെ അകമഴിഞ്ഞ ഒത്തൊരുമയും പ്രവർത്തനവും തിരുനാളിന്‍റെ വിജയത്തിന് മുതൽക്കൂട്ടായി. നിശ്ചല ദൃശ്യങ്ങൾ ജോസ് കുന്പിളുവേലിൽ, ജെൻസ് കുന്പിളുവേലിൽ എന്നിവരും, ചലന ദൃശ്യങ്ങൾ വില്യം പത്രോസും കൈകാര്യം ചെയ്തു.

തിരുനാളിന്‍റെ പങ്കെടുത്തവർക്കും വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചവർക്കും ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടം നന്ദി പറഞ്ഞു. നിയുക്ത പ്രസുദേന്തി ഹാനോ മൂർ വരുംവർഷത്തെ തിരുനാളിന് എല്ലാവരുടെയും സഹകരണം അഭ്യർഥിച്ചു. തുടർന്ന് ഇഗ്നേഷ്യസച്ചൻ കൊടിയിറക്കിയതോടെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മുപ്പത്തിയെട്ടാം തിരുനാളിന് സമാപനമായി. 2019 ലെ പെരുനാൾ ജൂലൈ 6,7 തീയതികളിൽ നടക്കുമെന്ന് ഇഗ്നേഷ്യസച്ചൻ അറിയിച്ചു.

റിപ്പോർട്ട് :ജോസ് കുന്പിളുവേലിൽ