മൈസൂർ പട്ടുസാരിക്ക് 4,500 രൂപ
Thursday, July 5, 2018 7:15 PM IST
മൈസൂരു: മനോഹരമായ മൈസൂർ പട്ടുസാരി ഇനി സമ്പന്നരുടെ മാത്രം സ്വപ്നമല്ല. സാധാരണക്കാരെ മൈസൂർ പട്ടുസാരിയുടുപ്പിക്കാൻ കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷൻ (കെഎസ്ഐസി) പദ്ധതിയൊരുക്കുന്നു. വെറും 4,500 രൂപയ്ക്ക് മൈസൂർ പട്ടുസാരി വിപണിയിലെത്തിക്കാനാണ് ഒരുങ്ങുന്നത്. മൈസൂരുവിലെ നൂറുവർഷം പഴക്കമുള്ള പട്ടുസാരി നെയ്ത്തുശാലയിൽ സാരികളുടെ നിർമാണം പൂർത്തിയായിവരികയാണ്. ഓഗസ്റ്റിൽ നടക്കുന്ന വരമഹാലക്ഷ്മി ഉത്സവത്തിൽ‌ ബജറ്റ് സാരികൾ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

ബജറ്റ് പട്ടുസാരികൾ വിപണിയിലെത്തിക്കുമെന്ന് കോർപറേഷൻ നേരത്തെ മുതൽ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ആവശ്യക്കാരുടെ കാത്തിരിപ്പ് നീളുകയായിരുന്നു. ഇത്തവണ ഉറപ്പായും സാരികൾ കോർപറേഷൻ ഔട്ട്‌ലെറ്റുകളിൽ എത്തുമെന്ന് പട്ടുനൂൽകൃഷി വിനോദസഞ്ചാരവകുപ്പ് മന്ത്രി എസ്.ആർ. മഹേഷ് അറിയിച്ചത്. കോർപറേഷൻ അധികൃതരുമായി ചർച്ച നടത്തിയ മന്ത്രി നെയ്ത്തുശാലയും സന്ദർശിച്ചിരുന്നു. നിലവിൽ പൈതൃക പട്ടുസാരികൾക്ക് 15,000 മുതൽ മൂന്നുലക്ഷം രൂപ വരെയാണ് വില. നിലവിലെ വിലയിൽ സാരി വാങ്ങാൻ ശേഷിയില്ലാത്ത സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ ബജറ്റ് പട്ടുസാരികൾ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ഉത്തരകർണാടകയിലെ പൈതൃക കേന്ദ്രമായ ബദാമി, മാണ്ഡ്യയിലെ കൃഷ്ണരാജസാഗർ അണക്കെട്ട്, മൈസൂരുവിലെ ലളിത് മഹൽ എന്നിവിടങ്ങളിൽ മൈസൂർ സിൽ‌ക്ക് ഔട്ട്‌ലെറ്റുകൾ ഉടൻ ആരംഭിക്കും. ഇവ കൂടാതെ പ്രവാസികൾക്കായി വിദേശരാജ്യങ്ങളിലും കെഎസ്ഐസി ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകൾ തുറക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി എസ്.ആർ. മഹേഷ് അറിയിച്ചു. വിദേശരാജ്യങ്ങളിൽ നടത്തുന്ന റോഡ് ഷോകളിൽ മൈസൂർ സാരികളുടെ പ്രചാരണം കൂടി നടത്താൻ വിനോദസഞ്ചാര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ഐസിക്ക് പട്ടുസാരി കയറ്റുമതി ചെയ്യാനുള്ള സംവിധാനമില്ലാത്ത സാഹചര്യത്തിൽ മൈസൂർ സെയിൽസ് ഇന്‍റർനാഷണൽ ലിമിറ്റഡ് (എംഎസ്ഐഎൽ) വഴിയാണ് സാരികൾ അന്താരാഷ്ട്ര വിപണികളിലെത്തിക്കുന്നത്.

അതേസമയം, ചില സ്വകാര്യ സ്ഥാപനങ്ങൾ മൈസൂർ പട്ടുസാരിയുടെ വ്യാജൻ നല്കി വിനോദസഞ്ചാരികളെ കബളിപ്പിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ തനിക്കു ലഭിച്ചതായും വ്യാജ സാരികൾ വിൽക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ കെഎസ്ഐസിക്ക് നിർദേശം നല്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ഐസിയുടെ ഔട്ട്‌ലെറ്റുകൾ വഴി മാത്രമേ യഥാർഥ മൈസൂർ പട്ടുസാരികൾ വിൽക്കുന്നുള്ളൂ എന്നും വ്യാജന്മാർക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.