യുക്മ വള്ളംകളി: ഒന്ന്, രണ്ട് ഹീറ്റ്സുകളിൽ ഏറ്റുമുട്ടുന്ന ജലരാജാക്കന്മാർ
Saturday, June 23, 2018 6:33 PM IST
ലണ്ടൻ : കേരളാപൂരം 2018 നോടനുബന്ധിച്ച് നടക്കുന്ന മത്സരവള്ളംകളിയിൽ ബോട്ട് ക്ലബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ ചുണ്ടൻ വള്ളംകളി പാരന്പര്യം ഉയർത്തിപ്പിടിച്ച് കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടിൽ ആകെയുള്ള 32 ടീമുകളിൽ നാല് ടീമുകൾ വീതം എട്ട് ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങൾ വരുന്ന ടീമുകൾ സെമിഫൈനൽ (അവസാന 16 ടീമുകൾ) മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. ഹീറ്റ്സിലെ മൂന്ന്, നാല് സ്ഥാനക്കാർ 17 മുതൽ 32 വരെയുള്ള സ്ഥാനങ്ങൾ നിർണയിക്കുന്നതിനുള്ള പ്ലേ ഓഫ് മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റുമുട്ടുന്ന ടീമുകൾ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ആദ്യ രണ്ട് ഹീറ്റ്സുകളിലും പങ്കെടുക്കുന്ന ടീമുകൾ, ബോട്ട് ക്ലബ്, ക്യാപ്റ്റ·ാർ എന്നിവ താഴെ നൽകുന്നു.

ഹീറ്റ്സ് 1

1. രാമങ്കരി (കവൻട്രി ബോട്ട് ക്ലബ്, ജോമോൻ ജേക്കബ്)
2. വൈക്കം (വയലന്‍റ് സ്റ്റോംസ് ബോട്ട് ക്ലബ്, കെറ്ററിങ്, ബിജു നാലാപ്പാട്ട്)
3. മന്പുഴക്കരി (ഫീനിക്സ് ബോട്ട്ക്ലബ്, നോർത്താംപ്ടണ്‍, റോസ്ബിൻ രാജൻ)
4. എടത്വ (എംഎംസിഎ ബോട്ട് ക്ലബ്, മാഞ്ചസ്റ്റർ, സനൽ ജോണ്‍)

കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനക്കാരായ രാമങ്കരി വള്ളം തുഴയാൻ വീണ്ടുമെത്തുന്നത് മിഡ്ലാന്‍റ്സിലെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ സികെസിയുടെ ചുണക്കുട്ടികളാണ്. കവൻട്രി ബോട്ട് ക്ലബിന്‍റെ നേതൃത്വത്തിൽ നീറ്റിലിറങ്ങുന്ന ടീമിന്‍റെ ക്യാപ്റ്റൻ ജോമോൻ ജേക്കബ്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായതിന് പരിഹാരം കണ്ട് ചാന്പ്യൻ പട്ടം നേടുമെന്ന ഉറച്ച വിശ്വാസത്തോടെ ചിട്ടയായ പരിശീലനം നടത്തി വരുന്ന സിബിസി കവൻട്രി കിരീടം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്. യുകെയിലെ പ്രമുഖ നിയമസ്ഥാപനമായ പോൾ ജോണ്‍ സോളിസിറ്റേഴ്സ് സികെസിയെ സ്പോണ്‍സർ ചെയ്യുന്നു.

വയലന്‍റ് സ്റ്റോംസ് ബോട്ട് ക്ലബ്, കെറ്ററിംഗ് തുഴയുന്നത് വൈക്കം എന്ന പേരിലുള്ള വള്ളമാണ്. ബിജു നാലാപ്പാട്ട് ക്യാപ്റ്റനായുള്ള നോർത്താംപ്ടണ്‍ഷെയറിൽ നിന്നുള്ള ഈ ടീമിന്‍റെ കന്നിയങ്കമാണിത്. ഗർഷോം ടിവിയാണ് വയലന്‍റ് സ്റ്റോമ്സിന്‍റെ സ്പോണ്‍സേഴ്സ്.

നോർത്താംപ്ടണിൽ നിന്നുള്ള ഫീനിക്സ് ബോട്ട് ക്ലബ് തുഴയാനെത്തുന്നത് മന്പുഴക്കരി വള്ളവുമായിട്ടാണ്. ക്യാപ്റ്റൻ റോസ്ബിൻ രാജന്‍റെ നേതൃത്വത്തിലുള്ള യുവാക്കളുടെ ടീം ഇത് കന്നിയങ്കമാണെങ്കിലും ഏറെ പ്രതീക്ഷയുണർത്തുന്നതാണ്. ക്രിക്കറ്റ്, വടംവലി മേഖലകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വച്ചിട്ടുള്ള ഫീനിക്സ് ടീം വള്ളംകളിയിലും കരുത്ത് പ്രകടമാക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. അലൈഡ് ഫിനാൻഷ്യൽ സർവീസസിന്‍റെ സ്പോണ്‍സർഷിപ്പിലാണ് ഫീനിക്സ് ബോട്ട് ക്ലബ് കുതിക്കാനൊരുങ്ങുന്നത്.

മാഞ്ചസ്റ്ററിലെ പ്രമുഖ മലയാളി സംഘടന എംഎംസിഎയുടെ സ്വന്തം ബോട്ട് ക്ലബ് എത്തുന്നത് എടത്വ വള്ളത്തിലാണ്. മറ്റെല്ലാ മേഖലകളിലും തങ്ങളുടേതായ കരുത്ത് പ്രകടമാക്കുന്ന മാഞ്ചസ്റ്ററിന്‍റെ ചുണക്കുട്ടികൾ ക്യാപ്റ്റൻ സനിൽ ജോണിന്‍റെ നേതൃത്വത്തിൽ വിജയകിരീടം ലക്ഷ്യമിട്ടാണ് കന്നിയങ്കത്തിന് ഇറങ്ങുന്നത്. മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ നഴ്സിംഗ് കണ്‍സൾട്ടൻസിയായ ഏലൂർ നഴ്സിംഗ് ജോബ്സാണ് സ്പോണ്‍സർ.

ഹീറ്റ്സ് 2

1. കാരിച്ചാൽ (തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റർ, നോബി കെ. ജോസ്)
2. കാവാലം (ബാസിൽഡണ്‍ ബോട്ട് ക്ലബ്, എസക്സ്, ജോസ് കാറ്റാടി)
3. കൈനടി (ഐൽസ്ബറി ബോട്ട് ക്ലബ്, സോജൻ ജോണ്‍)
4. ആർപ്പൂക്കര (ഫ്രണ്ട്സ് യുണൈറ്റഡ് ബോട്ട് ക്ലബ്, ആഷ്ഫോർഡ്, സോജൻ ജോസഫ്)

പ്രഥമ വള്ളംകളി മത്സരത്തിൽ യുകെയിൽ ജലരാജാവാകാൻ ഭാഗ്യം സിദ്ധിച്ചത് ചരിത്രപ്രസിദ്ധമായ കാരിച്ചാൽ വള്ളത്തിനാണ്. യൂറോപ്പിലെ വള്ളംകളിയിൽ അങ്ങനെ ചരിത്രം കുറിച്ച തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റർ വിജയമാവർത്തിക്കുക എന്നതിൽ കുറഞ്ഞ് ഒരു ലക്ഷ്യവുമില്ല എന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് രണ്ടാം വർഷം എത്തുന്നത്. മുൻപ് യുകെയിലെ വടംവലി മത്സരങ്ങളിലെ എതിരാളികളില്ലാത്ത ജേതാക്കൾ എന്ന ഖ്യാതിയുണ്ടായിരുന്ന വൂസ്റ്റർ തെമ്മാടീസ് നോബി കെ. ജോസിന്‍റെ നേതൃത്വത്തിൽ അങ്കത്തട്ടിലിറങ്ങുന്പോൾ ഒപ്പം മത്സരിക്കാനിറങ്ങുന്ന ടീമുകൾ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. വിശുദ്ധ നാടുകളിലേയ്ക്ക് ടൂർ പാക്കേജുകൾ ചെയ്യുന്ന ലൂർദ്സ് ഏജൻസിയാണ് തെമ്മാടീസ് ടീമിനെ സ്പോണ്‍സർ ചെയ്യുന്നത്.

മത്സരവള്ളംകളി ചരിത്രത്തിലെ ഏറ്റവും പ്രമുഖമായ കാവാലം വള്ളത്തിൽ തുഴയാനെത്തുന്നതാവട്ടെ എസക്സിലെ ബാസിൽഡണ്‍ ബോട്ട് ക്ലബ്, ബാസിൽഡണ്‍ ആണ്. ക്യാപ്റ്റൻ ജോസ് കാറ്റാടിയുടെ നേതൃത്വത്തിൽ മികവുറ്റ കായികതാരങ്ങളെ അണിനിരത്തിയാണ് ഇവർ രണ്ടാം വട്ടം അങ്കത്തട്ടിലിറങ്ങുന്നത്. യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ ബാസിൽഡൽ മുൻപും നിരവധി കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ളവരാണ്. കഴിഞ്ഞ വർഷം കൈവിട്ട് പോയ വിജയം ഇത്തവണ തങ്ങളുടെ കൈപ്പിടിയിലൊതുക്കണമെന്ന വാശിയോടെയാണ് ബാസിൽഡണെത്തുന്നത്. മുൻ യുക്മ ദേശീയ പ്രസിഡന്‍റ് കൂടിയായ ഫ്രാൻസിസ് മാത്യു കവളക്കാട്ടിന്‍റെ ലോ ആൻഡ്് ലോയേഴ്സ് സ്പോണ്‍സർഷിപ്പ് ഉൾപ്പെടെ ശക്തമായ പിന്തുണയാണ് ടീമിനു നൽകി വരുന്നത്.

ഐൽസ്ബറി ബോട്ട് ക്ലബ് കുട്ടനാടൻ ഗ്രാമമായ കൈനടിയുടെ പേരിൽ കന്നിയങ്കത്തിന് ഇറങ്ങുന്പോൾ വിജയകിരീടത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. കുട്ടനാട് സ്വദേശികൾ ഉൾപ്പെടെ പരിചയസന്പന്നരായ മികച്ച തുഴച്ചിൽക്കാരുമായാണ് സോജൻ ജോണിന്‍റെ നേതൃത്വത്തിലുള്ള ടീമെത്തുന്നത്. കൈനടിയുടെ സ്പോണ്‍സേഴ്സ് പോൾ ജോണ്‍ സോളിസിറ്റേഴ്സാണ്.

യുകെയിലെ മാരത്തോണുകളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള സോജൻ ജോസഫ് ക്യാപ്റ്റനായിട്ടുള്ള ആഷ്ഫോർഡ് യുണൈറ്റഡ് ബോട്ട് ക്ലബ് ആർപ്പൂക്കര എന്ന പേരിൽ മത്സരിക്കാനെത്തുന്പോൾ കായികക്ഷമതയുടേയും കരുത്തിന്േ‍റയും ഒരു പ്രകടനം കൂടിയായി മാറുമിത്. ആഷ്ഫോഡിന്‍റെ സ്പോണ്‍സേഴ്സ് ഗർഷോം ടിവിയാണ്. ഈസ്റ്റ് ലണ്ടൻ ഡോക്ലാന്‍റ്സിൽ പരിശീലനം നടത്തിയെത്തുന്ന ആർപ്പൂക്കര ഇത്തവണ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.