സ്വിറ്റ്സർലൻഡിൽ വിദേശികൾക്ക് ഭൂമി വാങ്ങുന്നതിന് നിയന്ത്രണം
Friday, June 22, 2018 11:43 PM IST
ജനീവ: വിദേശ പൗരൻമാർ സ്വിറ്റ്സർലൻഡിൽ വന്ന് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാൻ സർക്കാർ തീരുമാനിച്ചു. ഒഴിവുകാല വസതികളും മറ്റും വാങ്ങുന്പോൾ വിദേശികൾ കാന്‍റണുകളുടെ അനുമതി പത്രം വാങ്ങണമെന്നതാണ് പുതിയ നിയന്ത്രണങ്ങളിൽ പ്രധാനം.

കഴിഞ്ഞ വർഷമാണ് വിദേശികൾക്ക് ഭൂമി വാങ്ങാനുള്ള നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാക്കാനുള്ള നിർദേശങ്ങൾ സ്വിസ് സർക്കാർ മുന്നോട്ടു വച്ചത്. ഇപ്പോൾ ഇതു സംബന്ധിച്ച അന്തിമ തീരുമാനമായി. വാണിജ്യ ആവശ്യത്തിനുള്ള ഭൂമി വാങ്ങുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതിനും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

വിദേശ നിക്ഷേപം വർധിച്ചതു കാരണം സ്വിറ്റ്സർലൻഡിൽ ഭൂമി വില ക്രമാതീതമായി ഉയരുകയാണെന്ന് നിയന്ത്രണത്തെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ, രാജ്യത്തിന്‍റെ സാന്പത്തിക വളർച്ചയെ പിന്നോട്ടടിക്കുന്നതാണ് ഇത്തരം നിയന്ത്രണങ്ങളെന്നും വിമർശകർ ആശങ്ക പ്രകടിപ്പിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ