മാർപാപ്പയ്ക്ക് ജനീവയിൽ ഉൗഷ്മള സ്വീകരണം
Friday, June 22, 2018 2:03 AM IST
ജനീവ: ലോക കൗണ്‍സിൽ ഓഫ് പീസിന്‍റെ (ഡബ്ല്യുസിസി) 70-ാ മത് വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പാ ജനീവയിലെത്തി. വിമാനത്താവളത്തിൽ കർദ്ദിനാളന്മാർക്കൊപ്പം സ്വിസ് പ്രസിഡന്‍റ് അലെൻ ബെർസെറ്റ് മാർപാപ്പായെ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ 10 ന് വിമാനമിറങ്ങിയ പാപ്പാ എക്യൂമെനിക്കൽ പ്രാർഥനാ കൂട്ടായ്മയിൽ പങ്കെടുത്തു കുട്ടികളുമായി ആശയവിനിമയം നടത്തി.

ജനീവയിലെ വേൾഡ് കൗണ്‍സിൽ ഓഫ് ചർച്ചസ് ആസ്ഥാനം സന്ദർശിച്ച പാപ്പാ സിറിയയിൽ സമാധാനം പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച് സ്വിസ് നേതാക്കളുമായി ചർച്ച നടത്തി.

ജനീവയിലെ പെലെക്സോ കണ്‍വൻഷൻ സെന്‍ററിൽ വൈകുന്നേരം 5.30 ഫ്രാൻസിസ് മാർപാപ്പ ദിവ്യബലി അർപ്പിച്ചു. മലയാളികൾ ഉൾപ്പടെ ഏതാണ് 50,000 വിശ്വാസികൾ ദിവ്യബലിയിൽ പങ്കെടുത്തു. തുടർന്ന് രാത്രി മാർപാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങി.

മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ജനീവയിൽ സുരക്ഷാ ഭടൻമാരെ ഉൾപ്പടെ കന്‍റോണ്‍മെന്‍റ് പോലീസിനെ സഹായിക്കാൻ 200 സൈനികരെയും നിയോഗിച്ചിരുന്നു.

1948 ൽ സ്ഥാപിതമായ ഡബ്ല്യുസിസിയിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 348 ക്രിസ്ത്യൻ സഭകൾക്ക് അംഗത്വമുണ്ട്. മിക്ക ഓർത്തഡോക്സ് സഭകളും ഇതിൽ ഉൾപ്പെടുന്നു. ആംഗ്ലിക്കൻ, ബാപ്റ്റിസ്റ്റ്, ലൂഥറൻ, മെതേഡിസ്റ്റ്, റിഫോംഡ് സഭകളും പല ഐക്യ സഭകളും സ്വതന്ത്ര സഭകളും ഇതിലുണ്ട്. റോമൻ കത്തോലിക്കാ സഭ അംഗത്വമെടുത്തിട്ടില്ലെങ്കിലും ഡബ്ല്യുസിസി യോഗങ്ങൾക്ക് നിരീക്ഷകരെ അയയ്ക്കാറുണ്ട്.

സ്വിസ് ജനസംഖ്യയിൽ 38.2 ശതമാനമാണ് റോമൻ കത്തോലിക്കർ. 26.9 ശതമാനം പേർ പ്രോട്ടസ്റ്റന്‍റ് വിഭാഗക്കാരുമാണ്. 1984 ലാണ് ഒരു മാർപാപ്പ അവസാനമായി ജനീവ സന്ദർശിച്ചത്.

റിപ്പോർട്ട് :ജോസ് കുന്പിളുവേലിൽ