യൂറോസോണ്‍ പൊതു ബജറ്റ്: ജർമനിയും ഫ്രാൻസും ധാരണയിലെത്തി
Thursday, June 21, 2018 12:14 AM IST
ബർലിൻ: യൂറോസോണ്‍ രാജ്യങ്ങൾക്കു മുഴുവനായി പൊതു സാന്പത്തിക ബജറ്റ് അവതരിപ്പിക്കാനുള്ള നിർദേശത്തിന്‍റെ കാര്യത്തിൽ ജർമനിയും ഫ്രാൻസും തമ്മിൽ ധാരണയായി. വാർഷിക വരവും ചെലവും ഉൾപ്പെടുന്ന യഥാർഥ ബജറ്റ് തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

2021 ഓടെ പദ്ധതി നടപ്പാക്കാനാണ് ശ്രമം. മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്‍റായതു മുതൽ ഇതിനായി ശ്രമങ്ങൾ ശക്തമാക്കിയിരുന്നുവെങ്കിലും ജർമനിയെ ഇതുവരെ അനുനയിപ്പിക്കാനായിരുന്നില്ല.

ബജറ്റിന്‍റെ വലുപ്പത്തെക്കുറിച്ച് മാക്രോണ്‍ വ്യക്തമാക്കിയില്ല. മറ്റ് അംഗരാജ്യങ്ങളുടെ നേതാക്കളുമായി സംസാരിച്ച ശേഷം മാത്രം വിശദാംശങ്ങൾ വെളിപ്പെടുത്താമെന്നാണ് അദ്ദേഹം പറഞ്ഞത്. ബജറ്റിനുള്ള ഫണ്ടിംഗ് എങ്ങനെയായിരിക്കുമെന്ന കാര്യവും ചർച്ച ശേഷമേ വെളിപ്പെടുത്തൂ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ