ഡിപ്ലോമാറ്റിക് പദവി: ബെക്കറുടെ വാദം വിവാദമാകുന്നു
Thursday, June 21, 2018 12:13 AM IST
ബർലിൻ: മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് തനിക്കു ഡിപ്ലോമാറ്റിക് പദവി തന്നിട്ടുണ്ടെന്ന ജർമൻ ടെന്നീസ് ഇതിസാഹം ബോറിസ് ബെക്കറുടെ വാദം വിവാദമാകുന്നു. കടക്കെണിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ബെക്കർ നേരിട്ടു വരുന്നത്. ഡിപ്ലോമാറ്റിക് പദവി കിട്ടിയതോടെ ഇനി തനിക്കു കേസിൽ നിന്നെല്ലാം സംരക്ഷണമായെന്നാണ് ബെക്കറുടെ അവകാശവാദം.

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് തന്നെ ഡിപ്ലോമാറ്റായി നിയോഗിച്ചുവെന്ന കാര്യം കഴിഞ്ഞദിവസം ലണ്ടനിലാണ് പ്രഖ്യാപിച്ചത്. ബെക്കർക്ക് ഡിപ്ലോമാറ്റിക് പാസ്പോർട്ട് അനുവദിച്ചതായി മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്‍റെ ബെൽജിയത്തിലെ എംബസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ പാസ്പോർട്ട് വ്യാജമാണെന്നാണ് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്‍റെ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

2014ൽ മോഷ്ടിക്കപ്പെട്ട ഒരു ബാച്ച് പാസ്പോർട്ടുകളുടെ സീരിയൽ നന്പറിൽപ്പെടുന്നതാണ് ബെക്കറുടെ പക്കലുള്ള പാസ്പോർട്ടെന്ന് ചെറുബിൻ മോറൗബാമ എന്ന ഉദ്യോഗസ്ഥൻ ഫ്രഞ്ച് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. 2018 മാർച്ച് 19ന് അനുവദിച്ചിരിക്കുന്ന പാസ്പോർട്ടിൽ വിദേശകാര്യമന്ത്രിയുടെ ഒപ്പും സീലുമില്ലെന്നും ചെറുബിൻ ചൂണ്ടിക്കാട്ടുന്നു. പാസ്പോർട്ട് എങ്ങനെ അനുവദിക്കപ്പെട്ടു എന്ന കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതായി രാജ്യത്തിന്‍റെ വിദേശകാര്യ മന്ത്രി ചാൾസ് ആർമൽ ഡൗബാനെ പിന്നീട് അറിയിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ