കണ്ണിനു കുളിർമയും കാതിനു ഇന്പവും പകർന്ന് പാശ്ചാത്യലോകത്തിന്‍റെ മനസ് കീഴടക്കി മാഞ്ചസ്റ്റർ മലയാളി അസോസിയേഷനും മാഞ്ചസ്റ്റർ മേളവും
Wednesday, June 20, 2018 1:34 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വിനോദപ്രദർശനങ്ങളിൽ ഒന്നായ മാഞ്ചസ്റ്റർ ഡേ പരേഡിന്‍റെ ഒന്പതാം പതിപ്പിൽ വീഥികൾക്കു ഇരുവശവും നിറഞ്ഞ പതിനായിരക്കണക്കിനാളുകളുടെ മനം കവർന്ന് മാഞ്ചസ്റ്റർ മലയാളി അസോസിയേഷനും മാഞ്ചസ്റ്റർ മേളവും.

മലയാള ഭാഷയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്തർദേശീയ പ്രദർശനത്തിൽ ഭാഷയുടെ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും ഉയർത്തി കാണിച്ചുകൊണ്ട് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്‍റെ ഇരുപത് അടിയോളം ഉയരമുള്ള ഫ്ളോട്ടും മലയാള അക്ഷര മാലയും മലയാള വാക്കുകൾ ആലേഖനം ചെയ്ത പ്ലക്കാർഡും എംഎംഎ യുടെ മലയാളം സ്കൂളിലെ വിദ്യാർഥികളും അണിനിരന്നപ്പോൾ ഭാരതത്തിലെ ഒരു പ്രാദേശിക ഭാഷയും മലയാളികളും ചരിത്രത്തിന്‍റെ ഭാഗമാകുകയായിരുന്നു.

“വേർഡ് ഓണ്‍ ദി സ്ട്രീറ്റ് “ എന്ന തീം ആസ്പദമാക്കി ഭാരതീയ സംസ്കാരത്തിന്‍റെ പ്രതീകമായ അക്ഷര വൃക്ഷത്തിന്‍റെ ചുവട്ടിൽ താളിയോലയിൽ നാരായം കൊണ്ടെഴുതുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍റെ ഫ്ളോട്ടായിരുന്നു ഈ വർഷത്തെ പ്രധാന ആകർഷണം.

അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകൾ പങ്കെടുത്ത പരേഡിൽ ഇന്ത്യയിൽനിന്നും പങ്കെടുത്ത ഏക ഗ്രൂപ്പും മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്േ‍റതായിരുന്നു.

എംഎംഎ യുടെ പേരെഴുതിയ പ്ലക്കാഡ് ഏന്തിയ മുൻ പ്രസിഡന്‍റ് മേഘ ഷാജിക്കു പിന്നിൽ ഇംഗ്ലണ്ടിലെ പ്രധാന മേളപ്രമാണിയായ രാധേഷ് നായരുടെ നേതൃത്വത്തിൽ നോർത്ത് വെസ്റ്റിലെ ഇരുപതോളം മേള വിദഗ്ദർ അണിനിരന്ന ശിങ്കാരി മേളവും അതിനു പിന്നിലായി മലയാള തനിമ വിളിച്ചോതി കേരളത്തിന്‍റെ സ്വന്തം മോഹിനിയാട്ടം അവതരിപ്പിച്ച എംഎംഎ സപ്ലിമെന്‍ററി സ്കൂളിലെ കുട്ടികൾ, മുത്തുക്കുട ഏന്തിയ വനിതകളും പുരുഷ·ാരും അതിനുപിന്നിലായ് കുമ്മിയാട്ടവും അമ്മൻകുടവും കാണികളുടെ മനം കവർന്നു.

കേരളത്തിന്‍റെ 100 ശതമാനം സാക്ഷരതയായിരുന്നു വിവിധ റേഡിയോകളും തത്സമയ സംപ്രേഷണം നടത്തിയ ചാനലുകളും ഉയർത്തിക്കാണിച്ചത്. കലാരൂപങ്ങളുടെ വൈവിധ്യം കൊണ്ടും വർണശന്പളമായ ഉടയാടകളുമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ വേറിട്ടു നിന്നു.

തുടർച്ചയായ രണ്ടാം വർഷവും കേരള ടൂറിസം വകുപ്പുമായി സഹകരിച്ചാണ് എംഎംഎ ഈ വിജയം കൈവരിച്ചത്. കേരളം ഗവണ്‍മെന്‍റിന്‍റെ മലയാളം മിഷൻ നോർത്ത് വെസ്റ്റിലെ കേന്ദ്രം കൂടിയാണ് എംഎംഎ നടത്തുന്ന സപ്ലിമെന്‍ററി സ്കൂൾ.

എംഎംഎ പ്രസിഡന്‍റ് വിൽസന്‍റെയും സെക്രട്ടറി കലേഷിന്‍റെയും നേതൃത്വത്തിൽ ട്രസ്റ്റിമാരും അംഗങ്ങളും നടത്തിയ ശ്രമത്തിന്‍റെ ഫലമാണ് അഭിമാനാർഹമായ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

റിപ്പോർട്ട്: അലക്സ് വർഗീസ്