ബഹറിൻ കെ എംസിസി പ്രവാസി പെൻഷൻ പത്താം വർഷത്തിലേക്ക്
Tuesday, May 22, 2018 11:54 PM IST
മനാമ: ബഹറിൻ കെ എംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷ ത്തെ കർമ പദ്ധതിയായ വിഷൻ 33 ന്‍റെ ഭാഗമായി 111 വീടുകളിൽ ഈ വർഷവും ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം എന്ന പേരിൽ പ്രവാസിപെൻഷനും സ്നേഹപൂർവം സഹോദരിക്ക് എന്ന പേരിൽ വിധവാ പെൻഷനും നൽകും. പ്രവാസി പെൻഷൻ പദ്ധതി മുൻമുഖ്യ മന്ത്രി ഉമ്മൻചാണ്ടിയും വിധവാ പെൻഷൻ പദ്ധതി പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളുമാണ് ഉദ്ഘാടനം ചെയ്തത്. പ്രവാസ ലോകത്തു ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടും കഷ്ടപ്പാടും മാരകരോഗവുമായി പ്രയാസപ്പെടുന്ന മുൻ ബഹറിൻ പ്രവാസികൾക്കും മരണമടഞ്ഞ ബഹറിൻ പ്രവാസികളുടെ വിധവകൾക്കുമായി മാത്രമാണ് ഈ മാസാന്ത സഹായം നൽകിവരുന്നത്.

2009 ൽ അഞ്ചു പേർക്ക് വിതരണം ചെയ്തുകൊണ്ട് ആരംഭിച്ച പദ്ധതി ഇന്ന് 67 പ്രവാസികൾക്കും 44 വിധവകൾക്കുമായി 111 വീടുകളിൽ നൽകിവരുന്നു. വർഷങ്ങളോളം ബഹ്റൈനിൽ ജോലി ചെയ്തിട്ടും ജീവിതസായാഹ്നത്തിൽ ഒരു നേരത്തെ മരുന്നിനുപോലും വകയില്ലാത്ത നാട്ടിൽ കഴിയുന്നവരാണ് അപേക്ഷകരായി വരുന്നത്. അപേക്ഷകരുടെ എണ്ണം നിത്യേന വർധിക്കുകയാണ്. വൃക്ക രോഗം, കാൻസർ രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളും കൂടാതെ അംഗവൈകല്യം, അന്ധത തടങ്ങി കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി വളരെ രഹസ്യമായി അവരുടെ ബാങ്കുകളിലോ വീടുകളിലോ സഹായം എത്തിക്കുന്നതാണ് പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയുടെ ആനുകൂല്യം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് ബഹറിനിലെ സുമനസുകളുടെ സഹായം ഇനിയും ആവശ്യമാണെന്നു ജില്ലാ പ്രസിഡന്‍റ് എ.പി. ഫൈസലും ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും പറഞ്ഞു.

ജില്ലാ കോ ഓർഡിനേറ്റർമാരായ അലി കൊയിലാണ്ടിയും യൂസുഫ് ഹാജി കൊയ്ലാണ്ടിയും ആണ് പെൻഷൻ വിതരണം നടത്തുന്നത്. പത്താം വർഷത്തെ പെൻഷൻ പദ്ധതിയുടെ സ്പോണ്‍സർഷിപ് ഉദ്ഘാടനം പത്തു പ്രവാസികളുടെ സ്പോണ്‍സർഷിപ് ഏറ്റെടുത്തുകൊണ്ട് ബഹറിനിലെ വ്യവസായ പ്രമുഖനും കാരുണ്യ പ്രവർത്തകനുമായ കെ.ടി.കെ അബ്ദുള്ള ഹാജി ഓർക്കാട്ടേരി കെ എംസിസി ജില്ലാ സെക്രട്ടറി ഫദീല മൂസ ഹാജിക്ക് സഹായം കൈമാറി.

ചടങ്ങിൽ എ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ എംസിസി പ്രസിഡന്‍റ് എസ്.വി. ജലീൽ, ജനറൽസെക്രട്ടറി അസൈനാർ കളത്തിങ്കൽ,സമസ്ത പ്രസിഡന്‍റ് സയിദ് ഫക്രുദീൻ തങ്ങൾ, ഖലീൽ ഹുദവി കാസർഗോഡ്, കെ എംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ടി.പി. മുഹമ്മദലി, കുട്ടൂസ മുണ്ടേരി, കെ എംസിസി സംസ്ഥാന ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്തു നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ഒകെ കാസിം നന്ദിയും പറഞ്ഞു. നാസർഹാജി പുളി യാവ്, അബൂബക്കർ ഹാജി, സൂപ്പി ജീലാനി, അഷ്റഫ് നരിക്കോടൻ, അസ്ലം വടകര, ശരീഫ് കോറോത്, കാസിം നൊച്ചാട്, അബ്ദുറഹ്മാൻ തുന്പോളി, എസ്.കെ അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.