കല കുവൈറ്റ് നായനാർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Monday, May 21, 2018 11:10 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ ഇ.കെ. നായനാർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മംഗഫ് കല സെന്‍ററിൽ നടന്ന പരിപാടിയിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി.

ഗൾഫ് മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുന്നിൽ കണ്ട് രൂപം നൽകിയ പ്രവാസി സുരക്ഷാ ഇൻഷ്വറൻസ് പദ്ധതിയും പ്രവാസി സാമൂഹ്യക്ഷേമ പദ്ധതിയും വഴി പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്നപരിഹാരങ്ങൾക്കും ഒട്ടേറെ കർമ പരിപാടികളാണ് നായനാർ സർക്കാരിന്‍റെ കാലത്ത് നടപ്പാക്കിയിരുന്നതെന്ന് അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

കർണാടകയിലെ അവിശുദ്ധ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന ഈ വേളയിലാണ് നാം സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നായനാരുടെ സ്മരണ പുതുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല കുവൈറ്റ് പ്രസിഡന്‍റ് ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. ഗീത സുദർശൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി എം.പി മുസ്ഫർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശാസ്ത്രജ്ഞനും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. ടി.പി.ശശികുമാർ, കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, വൈസ് പ്രസിഡന്‍റ് പ്രസീത് കരുണാകരൻ എന്നിവർ സംസാരിച്ചു. ഫഹാഹീൽ മേഖലാ സെക്രട്ടറി രവീന്ദ്രൻ പിള്ള നന്ദി പറഞ്ഞു. തുടർന്നു കലയുടെ പ്രവർത്തകർ ഒരുക്കിയ സംഗീത പരിപാടിയും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ