കുവൈത്ത്: കുവൈത്തിലെ ലൈഫ് എഗൈൻ ഫൗണ്ടേഷൻ ഏപ്രിൽ 7നു മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ എൽഎഎഫ് കുവൈത്തിന്റെ രണ്ടാം വാർഷികവും ലോക ആരോഗ്യ ദിനവും സംയുക്തമായി ആഘോഷിച്ചു. താര സാന്നിദ്ധ്യം നിറഞ്ഞ ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ജീവാ സാഗർ, കുവൈത്ത് എൽഎഎഫ് രക്ഷാധികാരികളായ ഡോ. ഹിന്ദ് ഹമദ് അഹമ്മദ് അൽ ബഹാർ, മാലിക് ഇസ്സ അഹമ്മദ് അൽ അജീൽ, ലൈഫ് എഗൈൻ പ്രസ്ഥാനത്തിന്റെ സ്ഥാപക ഗൗതമി തടിമാല, ബോളിവുഡ് താരവും മുൻ ആരോഗ്യമന്ത്രിയും എംപിയുമായ ശത്രുഘ്ൻ സിൻഹ, ബോളിവുഡ് താരം പൂനം ധില്ലൻ എന്നിവർക്കൊപ്പം എൽഎഎഫ് കുവൈത്ത് പ്രസിഡൻറ് വെങ്കിട് കോഡൂരി, ഉപദേഷ്ടാവായ സുരേഷ് കെ.പി, വൈസ് പ്രസിഡന്റ് ജയന്തി നടരാജൻ, ജനറൽ സെക്രട്ടറി നീതു സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കാൻസർ പോലെയുള്ള ജീവിത രീതി രോഗങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ അവയെ പ്രതിരോധിക്കാനും പിടിപെട്ടാൽ അതിനെതിരെ പൊരുതാനും ഉള്ള മാനസിക പിന്തുണയും വേണ്ട സഹായങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കുവൈത്തിലെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കുവൈറ്റിലെ സ്വദേശികൾക്കിടയിലും ജനസമ്മതിയേറിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ പൂർണമായ ഒരു ജീവിതത്തിനു ഏറ്റവും ആവശ്യമായത് രണ്ടു കാര്യങ്ങളാണ്് ഒന്ന് വിദ്യ അല്ലെങ്കിൽ അറിവ് രണ്ട് ആരോഗ്യം, ഇത് രണ്ടും ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലൈഫ് എഗൈൻ ഇപ്പോൾ മുന്നിൽ കാണുന്ന വെല്ലുവിളി, അതിനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ് ഈ കൂട്ടായ്മ.
ശത്രുഘ്നൻ സിൻഹ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കാൻസർ പ്രതിരോധം കാൻസർ അതിജീവനം എന്നിവയെ കുറിച്ചും പ്രത്യേകിച്ചു പുകയിലജന്യമായ കാൻസറിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചപ്പോൾ, പ്രതിരോധകുത്തിവയ്പുകളുടെയും വാർഷിക ആരോഗ്യ പരിശോധനകളുടെയും പ്രാധാന്യത്തെ കുറിച്ചുമായിരുന്നു പൂനം ധില്ലൻ സംസാരിച്ചത്.
പരിപാടിയുടെ ഭാഗമായി ഇറക്കിയ സോവനീർ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ജീവാ സാഗർന്റെയും ഗൗതമിയുടെയും നേതൃത്വത്തിൽ മറ്റു അതിഥികളോടും നേതൃത്വനിരയോടും ഒപ്പം എൽഎഎഫ് കുവൈറ്റിന്റെ കോർ കമ്മിറ്റി മെന്പേഴ്സായ ഷൈനി ഫ്രാങ്ക്, വിജയ നായർ, ചിന്നു കോര, നാഗേശ്വര റാവു, പ്രഗ്യ എന്നിവർ ചേർന്നു പ്രകാശനം നിർവഹിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ