ജനസേവനം ജീവവ്രതമാക്കുക: പേരോട് അബ്ദുറഹ്മാൻ സഖാഫി
Monday, March 19, 2018 10:39 PM IST
കുവൈത്ത്: മനുഷ്യൻ ദുർബലനും പരാശ്രയനുമായ ഒരു സാമൂഹിക ജീവിയാണെന്ന തിരിച്ചറിവു ചിന്തകളെ സൃഷ്ടാവിലേക്ക് അടുപ്പിക്കുവാൻ സഹായകമാണെന്നും ഇസ്ലാമിക പ്രവർത്തകർ സാമൂഹിക സേവനം ജീവിതദൗത്യമായെടുത്ത് സാന്ത്വന പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങണമെന്നും എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്‍റ് പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രസ്താവിച്ചു.

രോഗികളെ പരിചരിക്കുക, സന്ദർശനത്തിലൂടെയും മറ്റും അവരെ സമാശ്വസിപ്പിക്കുക തുടങ്ങിയ ശീലങ്ങൾ മുസ്ലീങ്ങളുടെ ജീവിത സംസ്കാരത്തിന്‍റെ ഭാഗമാണ്. മുൻഗാമികളായ സച്ചരിതരുടെ സാന്ത്വന, ജീവകാരുണ്യ മേഖലയിലുള്ള നിഷ്പക്ഷ ഇടപെടലുകളുടെ ചരിത്രം പുതിയ തലമുറയ്ക്ക് പ്രചോദനമാകണം. വേദനയനുഭവിക്കുന്ന ജീവനുകൾക്കൊപ്പം നിൽക്കുന്പോൾ യാതൊരു തരത്തിലുള്ള വേർത്തിരിവുകളും മുഖവിലയ്ക്കെടുക്കരുതെന്നും സഹജീവികൾക്കായി ചെയ്യുന്ന സേവനപ്രവർത്തനങ്ങളുടെ തോതനുസരിച്ചു വിശ്വാസിക്ക് സൃഷ്ടാവിലുള്ള ഒൗന്നത്യം വർധിച്ചുവരുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി ദസ്മ ടീച്ചേഴ്സ് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുസേവന വഴിയിൽ കർമനിരതരാവാൻ തയാറെടുത്ത ഐസിഎഫ് സഫ്വ വോളണ്ടിയേഴ്സിനെ അദ്ദേഹം പൊതുസമൂഹത്തിനായി സമർപ്പിച്ചു. നാഷണൽ പ്രസിഡന്‍റ് അബ്ദുൾ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. ഐസിഎഫ് ഗൾഫ് കൗണ്‍സിൽ ക്ഷേമകാര്യ സെക്രട്ടറി അലവി സഖാഫി ഉദ്ഘാടനം നിർവഹിച്ചു. കർമഗോദയിലിറങ്ങുന്ന സഫ്വ വോളണ്ടിയേഴ്സ് അംഗങ്ങൾക്ക് പോരോട് അബ്ദുറഹ്മാൻ സഖാഫി ചടങ്ങിൽ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ആർഎസ്സി നടത്തിയ ബുക്ക് ടെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനവിതരണവും അദ്ദേഹം നിർവഹിച്ചു. കുവൈത്ത് ദീവാനീ രിഫാഇയ്യ പ്രതിനിധി ഗൗസ് ഈസാ മാജിദ് അൽ ഷഹീൻ, തൻവീർ ഉമർ, ഹബീബ് രാങ്ങാട്ടൂർ , അമീൻ ഹസൻ സഖാഫി, അബ്ദുല്ല വടകര, അബൂമുഹമ്മദ് പ്രസംഗിച്ചു. സൈതലവിക്കോയ തങ്ങൾ, അഹ്മദ് സഖാഫി കാവനൂർ, അഹ്മദ് കെ. മാണിയൂർ, ശുക്കൂർ മൗലവി, സാലിഹ് കിഴക്കേതിൽ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ