യാത്രയയപ്പു നൽകി
Friday, March 16, 2018 9:41 PM IST
ദമാം: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ദമാമിലെ കാൽപന്ത് കളി മൈതാനങ്ങളിൽ കളിക്കാരനായും സംഘാടകനായും നിറഞ്ഞു നിന്ന പാലക്കാട് ആലൂർ സ്വദേശി താജുദ്ദീന് ദമാമിലെ കാൽപന്ത് കളി കൂട്ടായ്മയുടെ സംഘാടകർ യാത്രയയപ്പു നൽകി.

യുനൈറ്റഡ് എഫ്സി, യംഗ്സ്റ്റാർ, ഖത്തീഫ് എഫ്.സി തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ജേഴ്സിയണിയുകയും ടീം മാനേജറായി ചുമതല വഹിക്കുകയും ചെയ്ത താജൂദ്ദിൻ തന്‍റെ പ്രദേശമായ ആലൂരിലെ ജിംഖാന, എവൈസി, തുടങ്ങിയ ക്ലബുകൾക്കുവേണ്ടി നിരവധി മൽസരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ, കെ എംസിസി പാലക്കാട് ജില്ലാ കെ എംസിസി തുടങ്ങിയ സംഘടനകളിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഹജ്ജ് വോളന്‍റിയറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നാട്ടിലെത്തിയാൽ സാമൂഹിക പ്രതിബദ്ധതയോടെ കായിക രംഗത്തും സേവന രംഗത്തും സജീവമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് താജുദ്ദീൻ പറഞ്ഞു.

അഫ്താബ് സെവൻസ് ഫുട്ബോൾ മേളയുടെ വേദിയിൽ നടന്ന പരിപാടിയിൽ മുതിർന്ന കാൽപന്ത് കളി സംഘാടകനും ഇംകോ സാരഥിയുമായ വിൽഫ്രഡ് ആൻഡ്രൂസ് ഉപഹാരം സമ്മാനിച്ചു. സകീർ വള്ളക്കടവ്, അഷ്റഫ് തലപ്പുഴ, മുജീബ് കളത്തിൽ, സമീർ സാം, തോമസ് തൈപറന്പിൽ, റഷീദ് വേങ്ങര, സഫീർ മണലൊടി, റഷീദ് ഒറ്റപ്പാലം, സാബിത്ത് പാവറട്ടി, സയിദ് മന്പാട് എന്നിവർ പരിപാടിയിൽ സബന്ധിച്ചു. സഹീർ മജ്ദാൽ, റിയാസ് പട്ടാന്പി, മൻസൂർ മങ്കട, ഫൈസൽ പാച്ചു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം