ഷുഹൈബ് വധം; സിബിഐ ഏറ്റെടുക്കണം: കണ്ണൂർ കെ എംസിസി
Friday, February 23, 2018 11:34 PM IST
ദമാം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് എടയന്നൂരിനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസിൽ കേരള പോലീസ് നടപടി പ്രഹസനമായ സാഹചര്യത്തിൽ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ.

നേതാക്കളുടെ ക്വട്ടേഷൻ ഏറ്റെടുക്കുകയാണ് താൻ ചെയ്തതെന്നും രക്ഷപ്പെടുത്തുമെന്ന് പാർട്ടി ഉറപ്പുനൽകിയെന്നുമുള്ള ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ കേസിനെ വഴിതിരിച്ചുവിടാനുള്ള ട്വിസ്റ്റ് മാത്രമാണെന്നും കെ എംസിസി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാർകിസ്റ്റ് ഭീകരതക്കെതിരെ പ്രതിഷേധ കൂട്ടായ്മ ആരോപിച്ചു.

ആകാശും രജിൻ രാജും നിരപരാധികളാണെന്നും പോലീസ് വിളിച്ചതു പ്രകാരം സ്റ്റേഷനിലേക്കു പോകുകയായിരുന്ന ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നുമുള്ള ആകാശിന്‍റെ പിതാവ് വഞ്ഞേരി രവിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ ദുരൂഹതകൾ ഇരുണ്ടുകൂടിയിട്ടുണ്ട്. ഇക്കാര്യത്തിൽകൂടി സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കിൽ കണ്ണൂർ പോലീസിന്‍റെ പതിവു ഉപചാര ചടങ്ങുകളിൽ മാത്രം ഷുഹൈബ് വധക്കേസ് ഒതുങ്ങുമെന്ന കാര്യം തീർച്ചയാണ്. സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ നിരാഹാര സമരം തുടരട്ടെ എന്ന യുഡിഎഫ് നേതൃയോഗ തീരുമാനം ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ്. അതിനാൽ സമഗ്രമായ അന്വേഷണത്തിന് കരുത്തുറ്റ ഏജൻസിയെ കൊണ്ട് കേസ് അന്വേഷിക്കുകയല്ലാതെ സർക്കാറിന്‍റെ മുന്പിൽ മറ്റു വഴികളില്ല.

ദമാം സഫാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നാഷണൽ കമ്മിറ്റി സുരക്ഷ കണ്‍വീനർ സക്കീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ പ്രസിഡന്‍റ് മൻസൂർ പള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്‍റ് അസീസ് എരുവാട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് വാഫി (എസ്കെഐസി), മുഹമ്മദ് അലി റഹീമ (കെഐജി) , അഷ്റഫ് ആളത്ത് (മീഡിയ), ബക്കർ എടയന്നൂർ , ഫൈസൽ ഇരിക്കൂർ, റഷീദ് മങ്കട, എ.പി. ഇബ്രാഹിം മൗലവി (കെ എംസിസി ) മുഹമ്മദ് അലി പാഴൂർ (ഒഐസിസി), യു.പി. ഉസൻ കുട്ടി, എ.കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. സലാം മുയ്യം, നജീബ് .യു.പി., റഹ്മാൻ വായാട്, അഷ്രഫ് കുറുമാത്തൂർ, നിയാസ് തൊട്ടിക്കൽ, ജാഫർ മങ്കര എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം