കാലിക്കട്ട് എയർപോർട്ട് കൊള്ളക്കെതിരെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിഷേധിച്ചു
Friday, February 23, 2018 12:45 AM IST
റിയാദ് : കരിപ്പൂർ എയർപോർട്ടിൽ പ്രവാസികളുടെ ലഗേജുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും പണവും പാസ്പോർട്ടും മോഷണം പോയ സംഭവത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ഇന്ത്യൻ സന്പദ്ഘടനയിൽ പ്രധാന പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തോടുള്ള ഈ ക്രൂരതക്കെതിരെ മുഴുവൻ പ്രവാസി സമൂഹവും അവരുടെ കുടുംബങ്ങളും ഒന്നിക്കണമെന്ന് പ്രതിഷേധകുറിപ്പിൽ ഇന്ത്യൻ സോഷ്യൽ ഫോറം അഭ്യർഥിച്ചു. സമാന സംഭവങ്ങൾ ഇതിനു മുന്പും ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ എയർപോർട്ട് അധികാരികൾ തയാറാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. പ്രവാസികളെ കൊള്ളയടിക്കുന്ന ഇത്തരം സമീപനങ്ങൾക്കെതിരെ അധികാരികളുടെ ഭാഗത്തു നിന്നും ബന്ധപെട്ട സർക്കാർ വകുപ്പുകളിൽ നിന്നും ഇടപെടലുകൾ ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തൃശൂർ ജില്ലാ പ്രസിഡന്‍റ് കബീർ കിള്ളിമംഗലം, സെക്രട്ടറി എ.വൈ. ഉസ്മാൻ എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ