വിസ്മയം തീർത്ത് കേളി ചിത്രപ്രദർശന തീവണ്ടി
Tuesday, January 16, 2018 11:53 PM IST
റിയാദ്: കേളി കലാ സാംസ്കാരികവേദിയുടെ പ്രവർത്തന മികവിന്‍റെ ചരിത്രം വിളിച്ചോതി കേളി പ്രവർത്തകർ ഒരുക്കിയ ചിത്രപ്രദർശന തീവണ്ടി റിയാദിലെ പ്രവാസി മലയാളികളിൽ ഏറെ കൗതുകമുണർത്തി. കേളിയുടെ പതിനേഴാം വാർഷികാഘോഷമായ കേളിദിനം 2018 നോടനുബന്ധിച്ച് അൽഹയറിലെ അൽഒവൈദ ഫാം മൈതാനത്ത് ഒരുക്കിയ വലിയ തീവണ്ടിയുടെ മാതൃകയിലാണ് ചിത്രപ്രദർശനം സംഘടിപ്പച്ചത്.

കഴിഞ്ഞ പതിനേഴു വർഷങ്ങളിൽ കേളി നടത്തിയ ജീവകാരുണ്യ കലാ സാംസ്കാരിക കായിക പ്രവർത്തനങ്ങളുടെ നേർക്കാഴ്ച ഒരു ചലച്ചിത്രത്തിലെന്നപോലെ ആഘോഷപരിപാടികൾ വീക്ഷിക്കാനെത്തിയവർക്ക് ചിത്രപ്രദർശനത്തിലൂടെ ആസ്വദിക്കാനായി. റെയിൽവെ സ്റ്റേഷനുകളിൽ എന്നപോലെ വിവിധ ഭാഷകളിലുള്ള തത്സമയ അറിയിപ്പുകളും വിവരണങ്ങളും കാഴ്ചക്കാരിൽ ഒരു റെയിൽവെ സ്റ്റേഷന്‍റെ പ്രതീതി ഉളവാക്കി.

കെപിഎം സാദിഖിന്‍റെ നേതൃത്വത്തിൽ സുകേഷ്, ബാബു നസീം, സുധാകരൻ കല്ല്യാശേരി, സുരേന്ദ്രൻ സനയ്യ അർബയീൻ, പ്രഭാകരൻ, സിജിൻ കൂവള്ളുർ, ബിജു തായന്പത്ത്, അനസുയ സുരേഷ്, അനിരുദ്ധൻ, സുരേഷ് കൂവോട്, ലിതിൻ ദാസ്, മഹേഷ് കൊടിയത്ത് എന്നിവർ ചേർന്നാണ് ചിത്രപ്രദർശന തീവണ്ടിയുടെ പ്രവർത്തനങ്ങൾ നടത്തിയത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ