വൈബ്സ് 2017
Friday, November 24, 2017 12:01 PM IST
അബുദാബി: പ്രൈവറ്റ് ഇന്‍റർനാഷണൽ ഇംഗ്ലീഷ് സ്കൂൾ (ഭവൻസ്) എൽഎൽ എച്ച്, അറബ് ഉഡുപ്പി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ “വൈബ്സ്” എന്നപേരിൽ യുവജനോത്സവം നടത്തി.

രാം മഞ്ച് അങ്കണത്തിൽ നടന്ന മത്സരങ്ങൾ ഭവൻസ് ഡയറക്ടർ സൂരജ് രാമചന്ദ്രമേനോൻ ഉദ്ഘാടനം ചെയ്തു. പ്രവാസി ഇന്ത്യൻ വിദ്യാർഥികളിൽ ക്ലാസ്റൂം വിദ്യാഭ്യാസത്തിനുപരി സംഗീത, നൃത്ത, നാടക മേഖലയിൽ അഭിരുചി വർധിപ്പിക്കാനായി ഒരുക്കിയ വൈബ്രേഷൻസ് (വൈബ്സ്) കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി.

ദുബായ്, ഷാർജ, അബുദാബി എന്നീ എമിറേറ്റുകളിൽ നിന്നുമായി ഇരുനൂറ്റി അന്പതോളം വിദ്യാർഥികളും അധ്യാപകരും മത്സരങ്ങളിൽ പങ്കെടുത്തു. മ്യൂസിക്, ഡാൻസ്, വെസ്റ്റേണ്‍ ഡാൻസ്, നാടോടി നൃത്തം, ചിത്രരചന, നാടകം, ഫാഷൻ ഷോ എന്നീ ഇനങ്ങളിലായി നടന്ന മത്സരത്തിൽ ജെംസ് അബുദാബി, ഡ്യൂണ്‍സ് മുസഫ, ഷാർജ ഇന്ത്യൻ, സെന്‍റ് ജോസഫ്സ് അബുദാബി, ഇഫിയ, മയൂർ എന്നീ സ്കൂളുകൾ യഥാക്രമം ഒന്നാം സമ്മാനാർഹരായി.

ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ രാമചന്ദ്രമേനോൻ, എൽഎൽഎച്ച് റീജണൽ ഡയറക്ടർ സഫീർ അഹ്മദ്, പ്രിൻസിപ്പൽ ഗിരിജ ബൈജു, വൈസ് പ്രിൻസിപ്പൽ കെ.ടി. നന്ദകുമാർ, മാനേജർ പ്രശാന്ത് ബാലചന്ദ്രൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള