ഒഐസിസി കുവൈറ്റ് പുരസ്കാര സന്ധ്യ 23 ന്
Tuesday, November 21, 2017 6:32 AM IST
കുവൈത്ത്: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി) കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരസ്കാര സന്ധ്യ 2017 നവംബർ 23ന് (വ്യാഴം) നടക്കും. വൈകുന്നേരം ആറു മുതൽ റിഗായി ഹോട്ടൽ റമദാ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ.

പൊതുസമ്മേളനം മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരവും എഐസിസി വാക്താവുമായ ഖുശ്ബു മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ കുവൈത്ത് അഭ്യന്തര മന്ത്രാലയത്തിലെ ട്രയിനിംഗ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ അൻവർ അൽ ബർജാസ്, ഇന്ത്യൻ എംബസി സെക്രട്ടറി യു.എസ്. സിബി, ലുലു എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ 14 ജില്ലകളിലെ നിർധനരായ വികലാംഗർക്കുവേണ്ടി ഒഐസിസി നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ "കാരുണ്യ സ്പർശം’ 500 ഓളം വീൽ ചെയറുകൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കലാ മത്സരങ്ങളിലെ “രംഗോൽസവ് 2017” വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സ്കൂൾ കലാമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര, ബി.എസ്.പിളള, ചാക്കോ ജോർജുകുട്ടി, ശാമുവേൽ ചാക്കോ, വർഗീസ് ജോസഫ് മാരാമണ്‍, ബിനു ചെന്പാലയം, ജോയ് ജോണ്‍ തുരുത്തിക്കര എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ