അബുദാബി: മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ വിളവെടുപ്പുത്സവം നവംബർ .17നു വെള്ളിയാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയാങ്കണത്തിൽ നടക്കും . രാവിലെ എട്ടിന് വിശുദ്ധ കുർബ്ബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലപ്പെരുന്നാൾ വിഭവങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.
വൈകിട്ട് നടക്കുന്ന വർണാഭമായ വിളംബരയാത്രയോടെയാണ് വിളവെടുപ്പുത്സവത്തിനു ആരംഭം കുറിക്കുക. വിളംബര യാത്രയിൽ യുഎഇ 2017 'ദാന വർഷമായി' പ്രഖ്യാപിക്കപ്പെട്ടതിനെ അനുസ്മരിപ്പിക്കുന്ന ഫ്ളോട്ട്, വിവിധ നിശ്ചല ദൃശ്യങ്ങൾ, മഹാത്മാഗാന്ധിയും, മദർ തെരേസയും ഉൾപ്പെടെ ഭാരതത്തിലെ ആദരണീയരായ വ്യക്തിത്വങ്ങളുടെ വേഷധാരികൾ, കലാപ്രകടനങ്ങൾ എന്നിവയുണ്ടാകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി ബാബു പി. കുലത്താക്കൽ അദ്ധ്യക്ഷത വഹിക്കും. സഹവികാരി റവ. ബിജു സി.പി, ജനറൽ കണ്‍വീനർ വർഗീസ് തോമസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് വിളവെടുപ്പുത്സവനഗരിയിലെ വിൽപ്പനശാലകൾക്കു തുടക്കമാകും.
കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ഉത്സവനഗരിയിൽ അൻപതോളം വിൽപ്പനശാലകളാകും തുറക്കുക. അബുദാബി മാർത്തോമ്മാ യുവജനസഖ്യം ഒരുക്കുന്ന തനി നാടൻ തട്ടുകട മുതൽ ഇരുപതു ഭക്ഷണ സ്റ്റാളുകളിൽ തത്സമയം പാചകം ചെയ്തു ചൂടോടെ ഭക്ഷണം വിളന്പും. വിവിധ വ്യാപാരസ്ഥാപനങ്ങൾ, ആതുരാലയങ്ങൾ , നിത്യോപയോഗ സാധനങ്ങൾ, അലങ്കാരച്ചെടികൾ എന്നിവയുടെ കൗണ്ടറുകൾ, ക്രിസ്മസ് വിപണി, വിനോദമത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 20 സ്വർണനാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭിക്കുന്ന ഭാഗ്യനറുക്കെടുപ്പുകളും അമേരിക്കൻ ലേലവും ഏറെ ശ്രദ്ധേയമാകും . വിവിധ ബാൻഡുകൾ നയിക്കുന്ന സംഗീതസന്ധ്യ, ബൈബിൾ നാടകം, നൃത്തരൂപങ്ങൾ തുടങ്ങിയ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് .
ഹാർവെസ്റ് ഫെസ്റ്റിവൽ നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിനിയോഗിക്കുന്നതെന്ന് വികാരി റവ. ബാബു പി. കുലത്താക്കൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജനറൽ കണ്‍വീനർ വർഗീസ് തോമസ്, കണ്വീനറ·ാരായ മാത്യു എബ്രഹാം, ടിനോ മാത്യു, പി.ജി ജോയിച്ചൻ, ടി.എം മാത്യു, ദാനിയേൽ കെ.പി , ജോസ് കുരികേശു, നിഖി ജേക്കബ്, മിറാജ് വർക്കി, സാം കെ. കുര്യൻ, ചാൾസ് ജി വർഗീസ്, ഷെറിൻ തെക്കേമല, ബോബി ഉമ്മൻ, റോജിൻ വർഗീസ്, മനോജ് ആർ, തോമസ് മത്തായി, മാത്യൂസ് പി ജോണ്‍ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത് . അയ്യായിരത്തിലേറെ വരുന്ന ഇടവക വിശ്വാസികൾ ഉൾപ്പടെ പതിനായിരത്തോളം പേർ വിളവെടുപ്പുത്സവത്തിന്റെ ഭാഗമാകും.
റിപ്പോർട്ട്: അനിൽ അബുദാബി