ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിന് നിർണായക പങ്കു വഹിച്ചത് ഒമാൻ ഗവണ്‍മെന്‍റ്
Tuesday, September 12, 2017 9:31 AM IST
മസ്കറ്റ്: കഴിഞ്ഞ വർഷം മാർച്ചിൽ യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടു പോയ നാൾ മുതൽ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനു വേണ്ടി പ്രാർഥനാ പൂർവം കാത്തിരുന്നവരാണ് ഒമാനിലെ മലയാളി സമൂഹവും അതോടൊപ്പം വിശ്വാസി സമൂഹവും. ഒടുവിൽ പ്രാർഥനക്കുത്തരമായി ഇന്നലെ രാവിലെ ഒമാൻ സമയം രാവിലെ 8.50 ന് റോയൽ എയർ ഫോഴ്സ് വിമാനത്തിൽ യെമനിലെ മുഖാലയിൽ നിന്നും ഫാ.ടോമിനെ ഒമാൻ സർക്കാരിന്‍റെ നേരിട്ടുള്ള ഇടപെടലുകൾ വഴി മോചിപ്പിക്കുകയായിരുന്നു.

എയർ ഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലെത്തിയ ഫാ.ടോം രണ്ടു മണിക്കൂറിനു ശേഷം പ്രത്യേക വിമാനത്തിൽ റോമിലേക്ക് പുറപ്പെട്ടു. ഇതു സംബന്ധിച്ച വാർത്തയോട് അറേബ്യൻ വികാരിയാത്ത് ബിഷപ് പോൾ ഹിൻഡറിന്‍റെ സെക്രട്ടറിയും മലയാളിയുമായ ഫാ.തോമസ് സെബാസ്റ്റ്യൻ ഒഎഫ്.എം കപ്പൂച്ചിൻ പ്രതികരിച്ചതിങ്ങനെയാണ് ന്ധഫാ.ടോം ഉഴുന്നാലിൽ സുരക്ഷിത കാരങ്ങളിലാണ്, വരും മണിക്കൂറുകളിൽ ഒൗദ്യോഗികമായി വിവരങ്ങൾ അറിയിക്കും’.

ഇതിനിടെ അറേബ്യൻ വികാരിയാത്തിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെ ഫാ.ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ടതായി അറേബ്യൻ വികാരിയാത്ത് ബിഷപ് പോൾ ഹിൻഡർ സ്ഥിരീകരിച്ചു.

മോചനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും പ്രാർഥനാ സഹായം നൽകിയവർക്കും ബിഷപ് നന്ദി പറഞ്ഞു.

ഇന്ത്യൻ ഗവണ്‍മെന്‍റിന്‍റെയും പ്രത്യേകിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെയും ഭാഗത്തു നിന്നും മോചനത്തിനായി ആത്മാർഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നലെ നടന്ന ഓപ്പറേഷനിൽ മസ്കറ്റിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് വലിയ പങ്കില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാസങ്ങൾക്കു മുന്പ് മോചന ദ്രവ്യം നൽകി മോചിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഗൗരവകരമായ ചർച്ചകൾ നടന്നിരുന്നു. എന്നാൽ മോചനം സാധ്യമായപ്പോൾ വത്തിക്കാനും ഒമാൻ ഗവണ്‍മെന്‍റുമാണ് ചിത്രത്തിലുള്ളത്.ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് ഇതു സംബന്ധമായി വലിയ അറിവില്ലെന്നത് വാസ്തവമാണ്. ഒമാൻ സർക്കാരിന്‍റെ നേരിട്ടുള്ള ഇടപെടൽ വിഷയത്തിൽ ഉള്ളതു കൊണ്ടു തന്നെ ഇതു സംബന്ധിച്ചുള്ള കാര്യങ്ങളൊക്കെ അതീവ രഹസ്യവും അതിലേറെ കരുതലോടും കൂടിയാണ് എംബസി വൃത്തങ്ങൾ പ്രതികരിക്കുന്നത്.

മോചനവുമായി ബന്ധപ്പെട്ട വാർത്ത ആദ്യം പുറത്തു വിട്ടത് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായിദിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒമാൻ ഡെയിലി ഒബ്സർവേർ പത്രത്തിന്‍റെ വെബ്സൈറ്റാണ്. ക്ഷീണിതനായി റോയൽ എയർ ഫോഴ്സ് വിമാനത്തിൽ നിന്നും ഇറങ്ങി വരുന്ന ടോം അച്ചന്‍റെ ഒരു ചിത്രവും ഇറങ്ങിയതിനു ശേഷം വിഐപി ലോഞ്ചിൽ നിൽക്കുന്ന പടവുമാണ് പത്രം പുറത്തു വിട്ടത്.സർക്കാരിന്‍റെ തന്നെ ടെലിവിഷനായ ഒമാൻ ടിവിയും വൻ പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

മസ്കറ്റിലെ പള്ളികളിൽ കൃതജ്ഞതാ ബലികൾ

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിൽ ഒമാനിലെ മലയാളികൾ സന്തോഷ ഭരിതരാണ്. ഭീകരർ തട്ടിക്കൊണ്ടുപോയ ദിവസം മുതൽ ഒമാനിലെ പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നുവന്നിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഒമാനിലെ വിവിധ പള്ളികളിൽ കൃതജ്ഞത ബലികൾ അർപ്പിച്ചു.

ബഹളങ്ങളില്ലാതെ ഒരു മോചനം

ആശങ്കൾക്ക് അറുതി വരുത്തിക്കൊണ്ട് ആ നല്ല വാർത്ത അവസാനം വന്നു. ഫാ.ടോം ഉഴുന്നാലിൽ മോചിതനായി. ഏതാനും ദിവസങ്ങളായി ടോം അച്ചന്‍റെ മോചനം വിദൂരത്തല്ല എന്ന മട്ടിൽ മസ്കറ്റിൽ സംസാരമുണ്ടായിരുന്നു.

മലയാള മാധ്യമ പ്രവർത്തകരൊക്കെ ടോമച്ചന്‍റെ ദൃശ്യങ്ങൾ നേരിട്ടെടുത്ത് ഗോളടിക്കാൻ കച്ചകെട്ടി ഇരിക്കുകയുമായിരുന്നു. എന്നാൽ മോചനം യാതാർഥ്യമായപ്പോൾ ഒരു ചെവിക്കു മറു ചെവിയറിയാതെയുള്ള ഒമാൻ ഓപ്പറേഷൻ ആണ് ദൃശ്യമായത്. രാജ്യത്തിന്‍റെ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ വാർത്താ ഏജൻസിയുടെ ന്യൂസ് ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഒമാൻ ഒബ്സർവർ പത്രത്തിന്‍റെ സൈറ്റിലും ഒമാൻ ടിവി യിലും വന്നത്. മോചനത്തിൽ ഒമാൻ ന്ധരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദിനെ അഭിനന്ദിച്ചുള്ള ട്രോളുകൾ വൻതോതിലാണ് ഒമാനിൽ പ്രചരിക്കുന്നത്.

റിപ്പോർട്ട്: സേവ്യർ കാവാലം