ജീവകാരുണ്യത്തിന്‍റെ പ്രസക്തി വർദ്ധിക്കുന്നു: പി.എൻ. ബാബുരാജൻ
Tuesday, August 22, 2017 7:02 AM IST
ദോഹ: ലോകത്ത് സംഘർഷങ്ങളും സംഘട്ടനങ്ങളും അനുസ്യൂതം തുടരുന്പോൾ ജീവകാരുണ്യ ദിനത്തിന്‍റെ പ്രസക്തി ഏറിവരികയാണെും ഓരോ മനുഷ്യസ്നേഹിയും ഈ രംഗത്ത് തന്‍റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്‍റ് ഫോറം വൈസ് പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനുടെ ലോക ജീവകാരുണ്യ ദിനാചരണത്തിന്‍റെ ഭാഗമായി മീഡിയ പ്ലസ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോരുത്തരും തങ്ങളിലേക്ക് ഒതുങ്ങികൂടുകയും സ്വാർഥതയുടെ തുരുത്തുകൾ രൂപപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് ജീവകാരുണ്യത്തിന്‍റെ പ്രസക്തിയേറുകയാണ്. ഇത് എതെങ്കിലും ദിവസങ്ങളിൽ പരിമിതപ്പെടുത്താതെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി മാറ്റണം. ജാതീയവും വിഭാഗീയവുമായ പരിഗണനകൾപ്പുറം മാനവികതയുടെ അടിസ്ഥാനത്തിലുള്ള സമീപനവും ചിന്താഗതിയും വളരുന്പോൾ ലോകത്ത് വന്പിച്ച മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

സി.കെ. റാഹേൽ, അവ്നാശ് ഗെയിക് വാദ്, ബഷീർ വടകര സംസാരിച്ചു. വണ്‍ സോണ്‍ ഇന്‍റർനാഷണൽ പ്രോപ്പർട്ടീസ് ആന്‍റ് മൊബൈൽ ആക്സസറീസ് ഓപറേഷൻസ് മാനേജർ മുഹമ്മദ് റാഫി, സ്റ്റാർ കിച്ചണ്‍ എക്വ്യൂപ്മെന്‍റ് മാനേജിംഗ് ഡയറക്ടർ പി. എം. അബ്ദുൽ സലാം, അൽ സമാൻ എക്സ്ചേഞ്ച് പ്രതിനിധി മുഹമ്മദ് അദീബ് എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്നു.