വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്‍റെ പ്രവർത്തകർക്കു നേരെയുള്ള സംഘ് പരിവാറിന്‍റെ ആസൂത്രിത ആക്രമണം അപലനീയം
Tuesday, August 22, 2017 6:57 AM IST
കുവൈറ്റ്: പറവൂരിൽ ഇന്നലെ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക മിഷൻ പ്രവർത്തകരെ ക്രൂരമായി മർദിച്ചു അവശരാക്കുകയും അതിനുശേഷം പോലീസിൽ ഏൽപിക്കുകയും ചെയ്ത നടപടി സാംസ്കാരിക കേരളത്തിന് അപമാനവും ന്യൂനപക്ഷങ്ങൾക്കു ആശങ്കയുണ്ടാക്കുന്നതുമാണ്. ആർഎസ്എസുകാരുടെ ക്രൂര മർദ്ദനമുണ്ടായിട്ടും അവരെ അറസ്റ്റു ചെയ്യുകയോ നടപടി എടുക്കയോ ചെയ്യാത്ത സർക്കാരിന്‍റെ ഇരട്ട നയത്തിനെതിരെ ജനാധിപത്യ മതേതര വാദികൾ ശക്തമായി പ്രതികരിക്കണമെന്ന് കുവൈറ്റ് കേരള ഇസ്ലാഹി സെന്‍റർ പത്രകുറിപ്പിൽ പറഞ്ഞു.

കാലങ്ങളായി കേരളത്തിന്‍റെ മണ്ണിൽ സമാധാന പ്രബോധന പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മുജാഹിദ് പ്രസ്ഥാനം മറ്റുള്ളവരുടെ മതവിശ്വാസത്തെ ഹനിയ്ക്കുന്ന പരാമർശമോ പ്രവർത്തനങ്ങളോ ഇക്കാലമത്രയും നടത്തിയിട്ടില്ല എന്നത് കേരള സമൂഹം സാക്ഷിയാണ്. വിതരണം ചെയ്ത ലഘു ലേഖയിൽ തന്നെ ഇസ്ലാം തീവ്രവാദത്തെയും ഭീകരവാദത്തെയും എതിർക്കുന്നതും അതിനെതിരെ ബോധവൽകരണം നടത്തുന്നതുമാണ് എന്നിരിക്കെ വർഗീയ ഭ്രാന്ത·ാരുടെ മുൻകൂട്ടിയുള്ള അജണ്ടയാണിതെന്നു സുതരാം വ്യക്തമാണ്.

പറവൂർ സംഭവം: മനുഷ്യ സ്വാതന്ത്ര്യത്തിനെതിരെയുള്ള കയ്യേറ്റം ഇസ്ലാഹി സെന്‍റർ

കുവൈറ്റ്: ഞായറാഴ്ച പറവൂരിൽ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം പ്രവർത്തകരെ കേരള പോലീസിന്‍റെ സാന്നിദ്ധ്യത്തിൽ സംഘപരിവാർ പ്രവർത്തകർ മർദ്ദിച്ചത് ഭരണഘടനാ ലംഘനവും മനഷ്യരുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റവുമാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ പ്രസിഡൻറ് എം.ടി മുഹമ്മദ് ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ജനാധിപത്യ ഇന്ത്യയിൽ വിത്യസ്ത മതമുള്ളവരും ഇല്ലാത്തവരും വിവിധ പരിപാടികൾ നടത്തി അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൊതുയോഗങ്ങൾ, ഗൃഹസന്ദർശനങ്ങൾ, ലഘുലേഖ വിതരണം, പത്രങ്ങൾ, ടി.വി. ചാനലുകൾ തുടങ്ങി വിവിധ മാർഗ്ഗങ്ങളിലൂടെയാണ് അവരെല്ലാം നങ്ങളിലേക്കെത്തുന്നത്.

എന്നാൽ ഇസ്ലാമിന്‍റെ പേരിൽ ഒരു നോട്ടീസ് വിതരണം ചെയ്താൽ അവരെ മതസ്പർദ്ദയുണ്ടാക്കുന്നവർ എന്നാരോപിച്ച് ഫാസിസ്റ്റുകൾ തല്ലിക്കൊല്ലാൻ ശ്രമിക്കുന്പോൾ നീതിയുടെ പക്ഷത്ത് നിൽക്കേണ്ട നിയമ പാലകർ അക്രമികളുടെ പക്ഷം ചേരുന്നത് മതേതര ഭാരതത്തിന് തീരാ കളങ്കമാണ്.

പറവൂർ സംഭവം ഭരണഘടനയോടുള്ള വെല്ലുവിളി: കുവൈറ്റ് കെഎംസിസി

കുവൈറ്റ് സിറ്റി: എറണാകുളം പറവൂരിൽ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിസ്ഡം പ്രവർത്തകരെ സംഘ്പരിവാർ പ്രവർത്തകർ ആക്രമിച്ചതും ഇത്തരം ആൾക്കൂട്ട ആക്രമങ്ങൾക്ക് പിണറായി സർക്കാറിന്‍റെ പോലീസ് കൂട്ടുനിൽക്കുന്നതും നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനവും ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതുമാണെന്ന് കുവൈറ്റ് കെഎംസിസി.

ഇത്തരം ആക്രമണ സംഭവങ്ങൾ മതേതര ഇന്ത്യയ്ക്ക് വിശിഷ്യാ കേരളത്തിനു തീരാകളങ്കമാണെന്നും, സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും കുവൈറ്റ് കഐംസിസി. പ്രസിഡന്‍റ് കെ.ടി.പി.അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ ട്രഷറർ എം.കെ.അബ്ദുൾ റസാഖ് എന്നിവർ സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ