മാധ്യമ പ്രവർത്തകർ സാമൂഹ്യരംഗത്തെ സുപ്രധാന സേവകർ
Friday, June 23, 2017 7:03 AM IST
അബുദാബി: മാധ്യമപ്രവർത്തകർ സാമൂഹിക സേവന രംഗത്തെ സുപ്രധാന പ്രവർത്തകരാണെന്ന് ഇന്ത്യൻ എംബസി സെക്കന്‍റ് സെക്രട്ടറി കപിൽരാജ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബി പുതിയ കമ്മിറ്റിയുടെ പ്രവർത്തനോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം പ്രയത്നത്തിലൂടെ സാമൂഹിക ബാധ്യത നിറവേറ്റുന്നതിലും മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പ്രവാസികൾക്കിടയിലെ മാധ്യമപ്രവർത്തകർ കാണിക്കുന്ന താൽപര്യം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യാ പാലസിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്‍റ് റസാഖ് ഒരുമനയൂരിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സമീർ കല്ലറ സ്വാഗതം പറഞ്ഞു.

ഇന്ത്യ സോഷ്യൽ സെന്‍റർ ആക്ടിംഗ് പ്രസിഡന്‍റ് ജയചന്ദ്രൻ നായർ, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ, കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് പത്മനാഭൻ, മലയാളി സമാജം പ്രസിഡന്‍റ് വക്കം ജയലാൽ, അജിത് (ലുലു എക്സ്ചേഞ്ച്) മണികണ്ഡൻ (യുഎഇ എക്സ്ചേഞ്ച്) സൂരജ്(അഹല്യ ഹോസ്പിറ്റൽ) പ്രശാന്ത് (എസ്എഫ്സി ഗ്രൂപ്പ്) മുനിർ പാണ്ട്യാല, ടി.പി.ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ റാഷിദ് പൂമാടം നന്ദിരേഖപ്പെടുത്തി.

റിപ്പോർട്ട്: അനിൽ അബുദാബി