അറബ് ഐക്യം ലോകസമാധാനത്തിന് അത്യന്താപേക്ഷിതം: ഡൊണാള്‍ഡ് ട്രംപ്
Monday, May 22, 2017 8:29 AM IST
റിയാദ്: ലോകസമാധാനത്തിന് അറബ് രാജ്യങ്ങളുടെ ഐക്യവും തീവ്രവാദശക്തികള്‍ക്കെതിരെയുള്ള ഒറ്റക്കെട്ടായുള്ള ചെറുത്തുനില്‍പ്പും അത്യന്താപേക്ഷിതമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഒന്‍പതുദിവസം നീണ്ടു നില്‍ക്കുന്ന പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള തന്റെ ആദ്യ വിദേശപര്യടനത്തിന്റെ ഭാഗമായി റിയാദിലെത്തിയ ഡൊണാള്‍ഡ് ട്രംപ് അന്‍പതോളം വരുന്ന അറബ് ജിസി.സി രാഷ്ട്ര തലവന്‍മാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെത്തിയ ട്രംപ് തന്റെ സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ഇസ്രയേലിലെത്തും. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് യാതൊരുവിധ സഹായവും ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും ലഭിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ട്രംപ് ജിസിസി രാഷ്ട്ര നേതാക്കളോടും മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കളോടും അഭ്യര്‍ത്ഥിച്ചു. തീവ്രവാദം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടേണ്ടതാണ്. ചേരിതിരിഞ്ഞ് വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്നാല്‍ തീവ്രവാദികള്‍ മുതലെടുപ്പു നടത്തും. അതിനു അവസരമുണ്ടാക്കരുതെന്നും രാഷ്ട്രങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടാനും ഓരോ പൗരന്‍േറയും അവകാശങ്ങള്‍ ഉറപ്പ് വരുത്താനും അമേരിക്കയുടെ സഹായം എന്നുമുണ്ടാകുമെന്നും ട്രംപ് ഉറപ്പ് നല്‍കി.

അന്‍പതോളം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു. തീവ്രവാദ വെല്ലുവിളികള്‍ നേരിടുന്നത് നന്‍മയും തിന്‍മയും തമ്മിലുള്ള യുദ്ധമാണെന്ന് ട്രംപ് പറഞ്ഞു. നിങ്ങള്‍ വിശുദ്ധമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ നിന്നും തീവ്രവാദത്തെ തുടച്ചു നീക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതിനായി നിങ്ങള്‍ ഒത്തുചേരണമെന്ന് അറബ് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളോട് ട്രംപ് ആഹ്വാനം ചെയ്തു. കൂടാതെ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ വിവിധ രാഷ്ട്രത്തലവന്‍മാരുമായി ട്രംപ് പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അല്‍സീസി ട്രംപിനെ ഈജിപ്ത് സന്ദര്‍ശിക്കുന്നതിനായി ക്ഷണിച്ചു.

ഇസ്രയേലിനെക്കൂടാതെ ഇറ്റലിയും വത്തിക്കാന്‍ സിറ്റിയും ബെല്‍ജിയവുമാണ് ഒന്‍പതു ദിവസത്തെ തന്റെ ആദ്യ വീദേശപര്യടനത്തില്‍ പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യമായാണ് ഒരു യു.എസ് പ്രസിഡണ്ട് തന്റെ ആദ്യ വിദേശപര്യടനം ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ നിന്നാരംഭിക്കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍