നൃത്ത-നൃത്ത്യ-ഗാന വിസ്മയമൊരുക്കി മയൂഖം 2017 സമാപിച്ചു
Sunday, May 21, 2017 2:30 AM IST
കുവൈത്ത് സിറ്റി: നൃത്ത-നൃത്ത്യ-ഗാന വിസ്മയമൊരുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സാംസ്കാരിക മെഗാ പരിപാടി മയൂഖം 2017 സമാപിച്ചു. ഹവല്ലി ഖാഡ്സിയ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന മെഗാ പരിപാടി കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്നേ വരെ നാം നേടിയ അറിവിന്‍റെ മൂലധനമായിരിക്കണം സംസ്കാരം, ജാതിയില്ല എന്ന് വിളംബരം നടത്തിയ ശ്രീനാരായണ ഗുരുവിനെപോലും ജാതിയുടെ വക്താവായി മാറ്റിയ ഈ കാലഘട്ടത്തിൽ, ഭക്തിയെ കലാപത്തിന്‍റെ രൂപത്തിലേക്ക് മാറ്റുന്ന പ്രവണത സാംസ്കാരിക മുന്നേറ്റത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കല കുവൈത്ത് വർഷം തോറും നടത്തി വരാറുള്ള മാതൃഭാഷാപഠനപ്രവർത്തനങ്ങളുടെ ഈ വർഷത്തെ ഉദ്ഘാടനം പ്രശസ്ത നടനും, സാംസ്കാരിക പ്രവർത്തകനുമായ വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. മാതൃഭാഷ പഠനം വ്യാകരണങ്ങളിൽ കുടുങ്ങിക്കിടക്കാതെ, അനുഭവങ്ങളിലൂടെ നേടണമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷ പ്രവർത്തന റിപ്പോർട്ട് മാതൃഭാഷാ സമിതി ജനറൽ കണ്‍വീനർ സജീവ് എം.ജോർജ്ജ് അവതരിപ്പിച്ചു.

ഇന്ത്യൻ എംബസി സെക്കന്‍റ് സെക്രട്ടറി (ലേബർ) യു.എസ്.സിബി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്‍റ് സുഗതകുമാർ അദ്ധ്യക്ഷത വഹിച്ചു. കുവൈത്തിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും, മാധ്യമ പ്രവർത്തകരുടെയും സാന്നിദ്ധ്യം പരിപാടിയിലുണ്ടായി.

കല കുവൈറ്റ് ഏർപ്പെടുത്തിയ ആർ.രമേശ് സ്മാരക പ്രവാസി പുരസ്കാരം സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവർത്തകൻ ഇ.എം.കബീറിന് മുഖ്യാതിഥി നൽകി ആദരിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട കലയുടെ മുതിർന്ന പ്രവർത്തകൻ അജിത്കുമാറിന് മുഖ്യാതിഥി ഉപഹാരം നൽകി.

നായനാർ അനുസ്മരണക്കുറിപ്പ് കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ അവതരിപ്പിച്ചു. കലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ന്ധകല കുവൈറ്റ് ഫിലിം സൊസൈറ്റിന്ധയുടെ ഉദ്ഘാടനം ശ്രീ.വി.കെ ശ്രീരാമൻ നിർവ്വഹിച്ചു. കല കുവൈറ്റ് സാഹിത്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ കഥ-കവിത രചനാ മത്സരങ്ങളുടെ സമ്മാനദാനം അതിഥികൾ നിർവഹിച്ചു.

||

പരിപാടിയുടെ മുഖ്യ പ്രായോജകാരായ ബിഇസിയുടെ കണ്‍ട്രി മാനേജർ മാത്യു വർഗ്ഗീസ്, കുവൈറ്റിലെ സാമൂഹിക പ്രവർത്തകൻ ജോണ്‍ മാത്യു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, വൈസ് പ്രസിഡന്‍റ് നിസാർ, കേന്ദ്ര കമ്മിറ്റി അംഗം നൗഷാദ് സി.കെ, വനിതാവേദി പ്രസിഡന്‍റ് ശാന്ത ആർ.നായർ, ബാലവേദി ജനറൽ സെക്രട്ടറി ഹന്നാ സജി, പ്രൊഫഷണൽ ഫോറം കുമാർ ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

തുടർന്നു മേയ് അഞ്ചിനു നടന്ന ബാലകലാമേള 2017 വിജയികൾക്കുള്ള സമ്മാനദാനം വേദിയിൽ വെച്ച് നടന്നു. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട രോഹിത്.എസ്.നായർ, കലാതിലകം നന്ദ പ്രസാദ് എന്നിവർക്കുള്ള സ്വർണ്ണ മെഡലുകലുകൾ ബിഇസിയുടെ കണ്‍ട്രി മാനേജർ മാത്യു വർഗ്ഗീസും ,ഗൾഫ് ഇന്ത്യൻ സ്കൂളിന് ഓവറോൾ കിരീടവും മുഖ്യാതിഥിയും സമ്മാനിച്ചു.

രാവിലെ പതിനൊന്നിനു കലാപരിപാടികളോട് കൂടിയാണ് മെഗാ പരിപാടി ആരംഭിച്ചത്. കല കുവൈറ്റ് പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. ദേശീയോദ്ഗ്രഥനം വിളിച്ചോതുന്ന വിവിധ നൃത്ത രൂപങ്ങളുടെ അവതരണം നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഏറ്റു വാങ്ങിയത്. വൈകീട്ട് നടന്ന പ്രശസ്ത സിനിമാ പിന്നണി ഗായകരായ സുധീപ് കുമാറും, രാജലക്ഷ്മിയും അവതരിപ്പിച്ച സംഗീതസന്ധ്യ ഹൃദ്യമായിരുന്നു. വിപ്ലവ-നാടക ഗാനങ്ങൾ ആവേശത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ