അരുതായ്മക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം: എ.പി. മുഹമ്മദ് മുസ് ലിയാർ
Tuesday, April 25, 2017 6:29 AM IST
ജിദ്ദ: സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന അധാർമികതയ്ക്കും മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾക്കുമെതിരായ പോരാട്ടം ശക്തമാക്കണമെന്നു സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം എ.പി. മുഹമ്മദ് മുസ് ലിയാർ. പ്രവാസ ലോകത്തെ യുവാക്കൾക്കിടയിൽ ധാർമിക ചിന്ത അനൽപ്പമായെങ്കിലും ദർശിക്കാൻ സാധ്യമാകുന്നുണ്ടെങ്കിലും അരുതായ്മകൾക്കെതിരായ പോരാട്ടം തുടരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ മുദ്ഹല ഓഡിറ്റോറിയത്തിൽ നടന്ന ഇസ് ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ഐസിഎഫ്) നാഷണൽ കൗണ്‍സിലിനോടനുബന്ധിച്ചു ചേർന്ന പ്രതിനിധി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൗദി അറേബിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സംഘാടന മികവ് കൊണ്ടും പ്രതിനിധികളുടെ അച്ചടക്കം കൊണ്ട് മികവുറ്റതായിരുന്നു പ്രധിനിധി സമ്മേളനം. ഒരു ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ, വൈസ് പ്രസിഡന്‍റ് അബ്ദുൽ ജബാർ സഖാഫി പെഴക്കാപ്പിള്ളി, ഐസിഎഫ് മിഡിൽ ഈസ്റ്റ് പ്രസിഡന്‍റ് സയിദ് ആറ്റക്കോയ തങ്ങൾ, ജനറൽ സിക്രട്ടറി അബ്ദുൽ അസീസ് സഖാഫി മന്പാട്, അബൂബക്കർ ശർവാനി, വടശേരി ഹസൻ മുസ് ലിയാർ, അബൂബക്കർ അൻവരി തുടങ്ങിയവർ സംസാരിച്ചു.

ഐസിഎഫ് സൗദി ദേശീയ പ്രസിഡന്‍റ് സയിദ് ഹബീബ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്‍റ് സയിദ് സ്വലാഹുദ്ദീൻ ബുഖാരി പ്രാർഥന നടത്തി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ