തടവിൽ കഴിയുന്ന മലയാളിക്ക് സഹായ ഹസ്തവുമായി ജിദ്ദയിൽ കൂട്ടായ്മ
Tuesday, April 25, 2017 6:28 AM IST
ജിദ്ദ: വാഹനാപകടത്തിൽ പെട്ട് ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ സാധിക്കാതെ തടവിൽ കഴിയുന്ന കോഴിക്കോട് മുക്കം സ്വദേശി മുജീബിന്‍റെ മോചനത്തിനായി ജിദ്ദയിൽ കൂട്ടായ്മ നിലവിൽ വന്നു. ജയിൽ മോചനത്തിനും നഷ്ടപരിഹാരത്തുക കണ്ടെത്താനുമുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുക, ഗൾഫിലെ മറ്റു ഭാഗങ്ങളിലും കൂട്ടായ്മകൾ രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമിതി രൂപീകരിച്ചത്.

ഡോ. കാവുങ്ങൽ മുഹമ്മദ് ചെയർമാനും അബ്ദുൽ ഹഖ് തിരൂരങ്ങാടി ജനറൽ കണ്‍വീനറും, അബ്ദുറഹ്മാൻ വണ്ടൂർ ഫിനാൻസ് കോഓർഡിനേറ്ററുമായുള്ള സമിതിയിൽ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരും മുജീബിന്‍റെ ബന്ധുക്കളും നാട്ടുകാരും അംഗങ്ങളാണ്.

സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി വിപുലമായ യോഗം വിളിക്കാൻ തീരുമാനിച്ചു. ഏപ്രിൽ 28ന് (വെള്ളി) ഉച്ചകഴിഞ്ഞ് 1.30ന് ശറഫിയ ഗ്രീൻലാൻന്‍റ് റസ്റ്ററന്‍റിൽ ചേരുന്ന യോഗത്തിൽ കലാ, സാംസ്കാരിക, മത, രാഷ്ട്രീയ, പ്രാദേശിക സംഘടനാ പ്രതിനിധികളും നാട്ടുകാരും മുജീബിന്‍റെ ബന്ധുക്കളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ