അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഉജ്ജ്വല തുടക്കം
Tuesday, April 25, 2017 6:18 AM IST
ദുബായ് : അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഉജ്ജ്വല തുടക്കം. നാല് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനം യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹ്മദ് ബിൻ സൗദ് അൽ മക്തൂം, ദുബായ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിംഗ് ഡയറക്ടർ ജനറൽ ഹെലാൽ സയിദ് അൽ മറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ പുതിയ വെല്ലുവിളികളും സംവിധാനങ്ങളും ചർച്ച ചെയ്യുന്ന സമ്മേളനം ടൂറിസം മേഖലയിലെ പുതിയ സംഭവവികാസങ്ങളെയും പ്രതിഭാസങ്ങളെയും എങ്ങനെ ഗുണകരമായി വിനിയോഗിക്കാമെന്നും സമ്മേളനം ചർച്ച ചെയ്യും. വെൽനെസ് ആൻഡ് സ്പാ ട്രെയിനിംഗ്, ട്രാവൽ രംഗത്തുള്ളവർക്കുള്ള പ്രത്യേക വർക്ഷോപ്പുകൾ, നയതന്ത്ര രംഗത്തും മന്ത്രിതലത്തിലുള്ള ചർച്ചകൾ എന്നിവയൊക്കെ ട്രാവൽ മാർക്കറ്റിന്‍റെ പ്രത്യേകതകളാണ്. ടൂറിസം രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് സഹായിക്കുന്ന നിരവധി പരിപാടികളാണ് അറേബ്യൻ ട്രാവൽ മാർക്കറ്റുമായി ബന്ധപ്പെട്ട് നടക്കുക.

നാല് ദിവസം നീണ്ടുനിൽക്കുന്ന ട്രാവൽമാർക്കറ്റിൽ കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി രാജ്യങ്ങളിൽ നിന്നുമായി 2600 സംരംഭകരും മുപ്പതിനായിരത്തോളം സന്ദർശകരും സംബന്ധിക്കും.

റിപ്പോർട്ട്: അമാനുള്ള വടക്കാങ്ങര