"ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ മതേതര കൂട്ടായ്മകൾ ശക്തിപ്പെടണം’
Monday, April 24, 2017 5:52 AM IST
യാന്പു: രാജ്യത്ത് ഭീഷണിയായി വളർന്നുവരുന്ന ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ മുഴുവൻ മതേതര ജനാധിപത്യ വിഭാഗങ്ങളുടെ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ ഹമീദ് വാണിയന്പലം. ജനാധിപത്യ രാജ്യത്തെ ഏകാധിപത്യമാണ് മോദി സർക്കാരിന്‍റെ മുഖ മുദ്ര. രാജ്യത്തെ ജനാധിപത്യത്തെയും ഭരണ സംവിധാനങ്ങളെയും അപ്രസക്തമാക്കി ഇന്ത്യ ഡീപ്പ് സ്റ്റേറ്റ് സംവിധാനത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സാംസ്കാരിക വേദി യാന്പു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരിക്കേണ്ടവരെ നോക്കുകുത്തികളാക്കി ആർഎസ്എസ് നേതൃത്വം നൽകുന്ന ഡീപ്പ് സ്റ്റേറ്റിന്‍റെ കൈകളിലാണ് ഇപ്പോൾ ഭരണമുള്ളത്. ജനാധിപത്യ സംവിധാനങ്ങൾ പോലും അവഗണിച്ച് ഞാനാണ് രാഷ്ട്രം എന്ന രീതിയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന കുത്സിത ശ്രമങ്ങളെ പ്രതിരോധിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയിൽ ഉയർന്നു വരേണ്ടത്. കോർപറേറ്റ് അകന്പടിയോടെ അധികാരത്തിലെത്തിയ നരേന്ദ്രമോദി രാജ്യം പൂർണമായും കുത്തക മുതലാളിത്തത്തിന് തീറെഴുതുകയാണെന്നും ഹമീദ് കുറ്റപ്പെടുത്തി.

പ്രവാസി യാന്പു സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സോജി ജേക്കബ് ആധ്യക്ഷതത വഹിച്ചു. ചടങ്ങിൽ അൽ മനാർ ഇന്‍റർ നാഷണൽ സ്കൂൾ ചെയർമാൻ മുഹമ്മദ് ഖാദർ, അനീസുദ്ദീൻ ചെറുകുളന്പ്, സെബാസ്റ്റ്യൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സാബു വെള്ളാരപ്പിള്ളി, ട്രഷറർ രാഹുൽ ജെ. രാജൻ എന്നിവർ സംസാരിച്ചു. തുടർന്നു യാന്പുവിലെ പ്രമുഖ ഗായകർ അവതരിപ്പിച്ച ’നിലയ്ക്കാത്ത മണിനാദം’ എന്ന പരിപാടിയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ