പാട്ടുപാടി റിക്കാർഡ് ബുക്കിൽ ഇടംപിടിക്കാൻ തയാറായി കോട്ടയംകാരി സ്വപ്ന
Tuesday, March 28, 2017 9:08 AM IST
ദുബായ്: ഫേസ്ബുക്ക് ലൈവിലൂടെ പാട്ടുപാടി റിക്കാർഡ് ബുക്കിൽ ഇടംപിടിക്കാൻ കോട്ടയംകാരി തയാറെടുക്കുന്നു. ദുബായിയിൽ സ്ഥിരതാമസക്കാരിയായ സ്വപ്ന ഏബ്രഹാം എന്ന കലാകാരിയാണ് ഈ നേട്ടത്തിലേക്കു ചുവടുവയ്ക്കുന്നത്. ഓരോ ദിവസവും ഓരോ പുതിയ പാട്ടുകൾ രചിച്ച് 1000 ദിവസം തുടർച്ചയായി ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുക എന്നതാണ് സ്വപ്ന ലക്ഷ്യമിടുന്നത്. ഏപ്രിൽ എട്ടു മുതലാണ് സ്വപ്ന ഇതിന് തുടക്കം കുറിക്കുന്നത്.

അമേരിക്ക, ബ്രിട്ടൻ, കാനഡ, ജർമനി, കെനിയ, ഇസ്രയേൽ, ഈജിപത്, ശ്രീലങ്ക, സിംഗപ്പുർ, മലേഷ്യ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ പല ഭാഗങ്ങളിലായി സ്റ്റേജ് ഷോകൾ നടത്തിയശേഷമാണ് സ്വപ്ന സ്വപ്നനേട്ടത്തിനൊരുങ്ങുന്നത്.

പരന്പരാഗത സുവിശേഷ ഗാനങ്ങൾ മുതൽ പോപ്പ്, റോക്ക്, ഫോക്ക് ഗാനങ്ങൾ വരെ സ്വപ്നയ്ക്കു വഴങ്ങും. 1994 മണിപ്പാലിലെ പൈ മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എംബിഎയും 2008 ൽ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിൽനിന്ന് മാർക്കറ്റിംഗിൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും കരസ്ഥമാക്കിയ സ്വപ്ന നിരവധി പുരസ്കാരങ്ങൾക്കും കൂടി ഉടമയാണ്. 2012ൽ Maesro Awrad (Lamp-ICONGO Karmaveer Chakra for gospal music) പുരസ്കാരത്തിന് സ്വപ്ന അർഹയായി. 2010ൽ ഇന്ത്യ നീഡ് സ്റ്റാറിൽ വിമൻസ് ഡേ പതിപ്പിൽ സ്വപ്നയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. 1992-2012 കാലഘട്ടത്തിൽ ഇന്ത്യയിൽനിന്നും അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ക്രിസ്ത്യൻ ആൽബങ്ങൾ രചിച്ച് പ്രചാരമാക്കിയ ആദ്യത്തെ ഇന്ത്യൻ മലയാളി വനിത എന്ന ബഹുമതിയും സ്വപ്നയുടെ പേരിലാണ്.

2005ൽ എഡ്രിയൻ, എമി എന്നിവരുടെ പേരിൽനിന്നും തുടങ്ങിവച്ച അഡ്മിറൽ മ്യൂസിക് എന്ന സംഗീത നിർമാണ സ്ഥാപനം സ്വപ്‌നയ്ക്കുണ്ട്. 2007-2009 കാലഘട്ടത്തിൽ ചെന്നൈയിൽ Kafesoke the Singing Cube എന്ന പേരിൽ ഓഡിയോ റിക്കാർഡിംഗ് സ്റ്റുഡിയോ സ്വപ്ന തുടങ്ങിയിരുന്നു. അതിന്‍റെ വിജയത്തിലാണ് 2012ൽ ഓഡിയോ വീഡിയോ റിക്കാർഡിംഗിനായി SA Recording എന്ന മറ്റൊരു സ്റ്റുഡിയോയും ചെന്നൈയിൽ ആരംഭിച്ചത്. 2012ൽ തുടങ്ങിവച്ച Swansong എന്ന മൂന്നാം മതസൗഹാർദ ആൽബവും 2016ൽ പുറത്തുവന്നു. 2009ൽ മിത്രൻ ദേവനേശൻ സംവിധാനം ചെയ്ത Donna എന്ന സിനിമയിലും 2011ൽ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത Nadunissi Naayagal എന്ന തമിഴ് ഫീച്ചർ സിനിമയിലും സ്വപ്ന വേഷമിട്ടിട്ടുണ്ട്.

ദുബായ് എക്സ്പോ 2020 നോട് സഹകരിച്ചുകൊണ്ട് സ്വപ്ന തന്‍റെ കുതിപ്പിന് തയാറാകുകയാണ്. സ്വപ്നയുടെ പാട്ടുകൾ 1000 songs in 1000 days.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.