മഴയിൽ കുതിർന്ന് കുവൈത്ത്
Sunday, March 26, 2017 3:21 AM IST
കുവൈത്ത് : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തകർത്തു പെയ്ത മഴയിൽ കുതിർന്നു കുവൈത്ത്. കനത്ത മഴയെ തുടർന്ന് പല റോഡുകളും വെള്ളത്തിനടിയിലായി. പലയിടത്തും ഡ്രൈനേജ് മുടങ്ങികിടന്നതിനാൽ റോഡിലേക്ക് വെള്ളം ഒഴുകയും കെട്ടികിടക്കുകയുമാണ്. ശക്തമായ ഇടിമിന്നലും മഴയുടെ അകന്പടിയായി എത്തിയിരുന്നു. കൂടുതൽ ജല സാന്ദ്രതയുള്ള വൻ മഴത്തുള്ളികൾ രാജ്യത്തെ പല ഭാഗങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. മഴ മൂലമുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ പോകാനും വരാനും കഴിയാതെ നിർത്തിയിടേണ്ടിവന്നു. ഇതേതുടർന്ന് അതിർത്തിയിലെത്തിയ യാത്രക്കാർ മണിക്കൂറുകളോളും കുടുങ്ങി.

ഫഹാഹീൽ ഭാഗങ്ങളിൽ പൊതുമരാമത്ത് അധികൃതർ മോട്ടോർ വച്ചു പന്പ് ചെയ്തും മറ്റുമായിരുന്നു വെള്ളം നീക്കിയത്. പല കെട്ടിടങ്ങളുടെയും താഴത്തെ നിലയിൽ വെള്ളം കയറി. പലതിലും ബേസ്മെന്‍റ് ഗോഡൗണുകളായി ഉപയോഗിക്കുന്നവയുണ്ട്. ബേസ്മെന്‍റിൽ വെള്ളം കയറിയതിനെ തുടർന്ന് സാധനസാമഗ്രികൾക്കു കേടു സംഭവിക്കുകയും ചെയ്തു. ഓടകൾ നിറഞ്ഞതും റോഡുകളിൽ മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ സംവിധാനം ഇല്ലാത്തതുമാണു വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. അതിനിടെ വെള്ളക്കെട്ടും മറ്റും ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ മന്ത്രി പൊതുമരാമത്തു മന്ത്രി അബ്ദുറഹ്മാൻ അൽ മുതവ ഉത്തരവിട്ടതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ