ഖത്തറിൽ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നു
Saturday, March 25, 2017 5:39 AM IST
ദോഹ: ഖത്തറിൽ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നു. റോഡ് സുരക്ഷയും ഗതാഗത രംഗത്തെ ഗുണപരമായ നിലവാരവും ഉറപ്പുവരുത്തുന്നതിന്‍റെ 15 വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങൾക്ക് സർക്കാർ വിവിധ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ 2016 ലെ തീരുമാന പ്രകാരം ട്രാഫിക് വകുപ്പ് മേധാവി ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായാണറിയുന്നത്.

മാർച്ച് 20 ന് ഖത്തർ സെൻട്രൽ ബാങ്ക് എല്ലാ ഇൻഷ്വറൻസ് കന്പനികൾക്കും ഇതു സംബന്ധിച്ച് സർക്കുലർ അയച്ചു. ഇതനുസരിച്ച് 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് വരുന്ന അഞ്ചു വർഷത്തേക്ക് എല്ലാ ആറ് മാസവും ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തിയാക്കി റോഡ് പെർമിറ്റ് നേടണം. തുടർന്നുള്ള അഞ്ച് വർഷങ്ങളിൽ എല്ലാ നാലു മാസങ്ങളിലും ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തിയാക്കി റോഡ് പെർമിറ്റ് നേടണം. തുടർന്നുള്ള അഞ്ച് വർഷങ്ങളിൽ എല്ലാ മൂന്നു മാസങ്ങളിലും ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തിയാക്കി റോഡ് പെർമിറ്റ് നേടണം. 30 വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങൾക്ക് റോഡ് പെർമിറ്റ് ലഭിക്കുകയില്ല.

നിലവിൽ പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ മൂന്ന് വർഷത്തേയ്ക്ക് ടെക്നിക്കൽ പരിശോധനയൊന്നുമില്ലാതെ തന്നെ റോഡ് പെർമിറ്റ് പുതുക്കി ലഭിക്കും. തുടർന്നുള്ള ഓരോ വർഷങ്ങളിലും റോഡ് പെർമിറ്റ് പുതുക്കുന്നതിന് മുന്നോടിയായി ഗവണ്‍മെന്‍റ് അംഗീകൃത ടെക്നിക്കൽ ഇൻസ്പെക്ഷൻ കന്പനിയുടെ പരിശോധന പൂർത്തിയാക്കിയാൽ ഒരു വർഷത്തേയ്ക്ക് ഇൻഷ്വറൻസും റോഡ് പെർമിറ്റും പുതുക്കുവാൻ കഴിയും. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ വർഷത്തിൽ രണ്ടും മൂന്നും നാലും പ്രാവശ്യമൊക്കെ ടെക്നിക്കൽ പരിശോധന നടത്തി ഇൻഷ്വറൻസും റോഡ് പെർമിറ്റും പുതുക്കേണ്ടി വരും.

രാജ്യ പുരോഗതിയുടെ സുപ്രധാനമായ അളവുകോലാണ് പൊതുനിരത്തുകളും വാഹനങ്ങളും. വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുവാൻ കർശന നിയമവ്യവസ്ഥകൾ അനിവാര്യമാണെന്ന തിരിച്ചറിവാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാമനത്തിന് പ്രേരകം. വാഹന ഗതാഗത രംഗത്ത് ഗുണപരമായ മാറ്റത്തിന് വഴിവച്ചേക്കാവുന്ന തീരുമാനം നടപ്പാകുന്നതോടെ സെക്കൻഡ് ഹാൻഡ് വാഹന വിപണി കൂപ്പുകുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പെയർ വിപണിയേയും പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.