രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ: എം.സ്വരാജ്
Sunday, March 19, 2017 3:11 AM IST
കുവൈത്ത് സിറ്റി: രാജ്യത്തെ മതനിരപേക്ഷത അപകടത്തിലെന്ന് എം.സ്വരാജ് എംഎൽഎ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിച്ച ഇഎഎസ്, ഏകെജി, ബിഷപ്പ് പൗലൊസ് മാർ പൗലോസ് അനുസ്മരണ സമ്മേളനത്തിൽ ’വർത്തമാനകാല ഇന്ത്യ, സമകാലിക കേരളം’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്, നിർഭാഗ്യവശാൽ കോണ്‍ഗ്രസ് അതിനു ശ്രമിക്കുന്നില്ല. കേരളത്തിൽ പോലീസ് നടപടികൾ എല്ലാ കാലത്തും വിമർശനത്തിനു വിദേയമാകാറുണ്ട്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ കുഴപ്പക്കാരായ പോലീസുകാർക്കെതിരെ നടപടികളെടുക്കുന്നുണ്ട്. സിനിമാ ഹാളിൽ മാത്രം ദേശീയ ഗാനം നിർബന്ധമാക്കിയതിന്‍റെ യുക്തി തനിക്ക് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും പേരുകേട്ട ഇന്ത്യയിൽ അതിനെതിരായ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണു ഇതിനായി നിലകൊണ്ട ഇഎംഎസ്, ഏകെജി എന്നിവരെ നാം അനുസ്മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കല കുവൈത്ത് പ്രസിഡന്‍റ് സുഗതകുമാറിന്‍റെ അദ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. നൂറു കണക്കിനു കല പ്രവർത്തകരും, സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളായ സത്താർ കുന്നിൽ, ബഷീർ ബാത്ത, അജിത് കുമാർ എന്നിവർ സംസാരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ തിങ്ങിക്കൂടിയ നിറഞ്ഞ സദസിന് കല കുവൈത്ത് വൈസ് പ്രസിഡന്‍റ് കെ.വി. നിസാർ നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് പ്രവർത്തകർ നടത്തിയ സംഗീത പരിപാടികളോടെയാണ് സമ്മേളനം ആരംഭിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ