ബ്ലാക്ക് ഗോൾഡ് നാടകം മാർച്ച് 31ന്
Wednesday, March 1, 2017 5:35 AM IST
കുവൈത്ത്: മോഷൻ തിയേറ്റർ എന്ന പുതിയ നാടക സങ്കേതം കുവൈത്തിലെ നാടക പ്രേമികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഫ്യൂച്ചർ ഐ തിയേറ്റർ കുവൈത്ത് അവതരിപ്പിക്കുന്ന പുതിയ നാടകം ബ്ലാക്ക് ഗോൾഡ് മാർച്ച് 31ന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു. വെള്ളി വൈകുന്നേരം ആറിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് നാടകം അരങ്ങേറുക.

ഓയിൽ റിഗിൽ ജോലി ചെയ്യുന്ന ചില ആളുകളുടെ സ്വപ്നങ്ങളുടെ കഥയാണ് ബ്ലാക്ക് ഗോൾഡ് ചർച്ച ചെയ്യുന്നത്. മനുഷ്യന്‍റെ ആഗ്രങ്ങൾക്ക് അതിരില്ല. പിടിച്ചടക്കാനും നേടിയെടുക്കാനും എന്തും ത്യജിക്കാൻ തയാറാണ്. സാങ്കേതിക വിദ്യ ഒട്ടു വികസിച്ചിട്ടില്ലാത്ത കാലത്തുപോലും അവൻ സാഹസികമായി കടൽ താണ്ടിയവനാണ്. അറിയാനുള്ള കീഴ്പ്പെടുത്താനുള്ള സ്വന്തമാക്കാനുള്ള ആ ത്വര തലമുറകളിൽനിന്നും തലമുറകളിലേക്ക് സഞ്ചരിക്കുന്നു. യുദ്ധവും സമാധാനവും വന്നും പോയുമിരിക്കുന്നു. കറുത്ത പൊന്നു തേടിയുള്ള യാത്രകൾ അനന്തമായി നീളുന്നു.

മൂന്നു വ്യത്യസ്ത സ്പേസ് ആണ് നാടകം ഉപയോഗിക്കുന്നത്. ഒരു സ്ഥലത്തുനിന്നും ആരംഭിച്ച് പ്രേക്ഷകനൊടൊപ്പം സഞ്ചരിച്ച് മറ്റൊരു ദിക്കൽ എത്തുന്നു.

നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഷമേജ് കുമാറാണ്. ഫ്യൂച്ചർ സെക്രട്ടറി കൃഷ്ണകുമാർ, ഗോവിന്ദ് ശാന്ത, ജിതേഷ് നായർ, ദീപു വെള്ളിമണ്‍, അനീഷ് കുമാർ, മിനി സതീഷ്, മധു ബാലകൃഷ്ണൻ, ശിവ പ്രസാദ് തുടങ്ങി ഒരു പിടി അനുഗ്രഹീത കലാകാരന്മാർ രംഗത്തും അണിയറയിലുമായി പ്രവർത്തിക്കുന്നു. ധർമ്മരാജ് മാടപ്പള്ളി, സതീഷ് വാരജാക്ഷൻ, ദീപക്, ബി. നായർ, സുബ്ബരാമൻ, ബിനു ദാസ് എന്നിവർ സങ്കേതികസഹായം നൽകും.

റിപ്പോർട്ട്: സലിം കോട്ടയിൽ