കുവൈത്തിൽ ബദർ അൽ സമ പോളിക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നു
Tuesday, February 28, 2017 9:12 AM IST
കുവൈത്ത്: ഒമാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ പോളി ക്ലിനിക്കിന്‍റെ കുവൈത്തിലെ ആദ്യശാഖ മാർച്ച് ഒന്നിന് പ്രവർത്തനം ആരംഭിക്കും.

ഫർവാനിയ ഗവർണർ ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബാഹ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ സംബന്ധിക്കും.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ലോകോത്തര നിലവാരമുള്ള ചികിത്സ ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുക എന്നതാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡയറക്ടർ അബ്ദുൾ ലത്തീഫ് പറഞ്ഞു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി മാർച്ച് ഒന്നു മുതൽ ഏഴു വരെ ഒരാഴ്ചക്കാലം രോഗപരിശോധനക്ക് യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. പരിശോധനക്ക് എത്തുന്ന രോഗികൾക്ക് ഫയൽ തുറക്കുന്നതിന് ബദർ അൽ സമാ ക്ലിനിക്കിൽ ഫീസ് ഈടാക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു. അടുത്ത രണ്ടുവർഷത്തിനുള്ളിൽ കുവൈത്തിൽ അഞ്ച് മെഡിക്കൽ സെന്‍ററുകളും ഒരു മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലും ബദർ അൽ സമാ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ അബ്ദുൾ ലത്തീഫ് ഉപ്പള, പി.എ. മുഹമ്മദ്, വി.ടി. വിനോദ്, സായിർ അൽ അദുവാനി, അഷ്റഫ് അയ്യൂർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ