ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി
Monday, February 20, 2017 10:25 AM IST
കുവൈത്ത് : കുവൈത്തിലെ ഇന്ത്യൻ എംബസി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. സാൽമിയ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രദർശനം ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നിർമിത വാഹനങ്ങൾ, ഓട്ടോമൊബൈൽ ആക്സസറീസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് പ്രധാനമായും പ്രദർശനത്തിനുണ്ടായിരുന്നത്. ടാറ്റ, അശോക് ലെയ്ലാൻഡ്, മാരുതി, മഹീന്ദ്ര, ഐഷർ, ഫോഴ്സ് ഓട്ടോ മൊബൈൽസ്, റോയൽ എൻഫീൽഡ് തുടങ്ങിയ വാഹന കന്പനികളും ജെകെ ടയേഴ്സ്, ടിവിഎസ്, ബാലകൃഷ്ണ ടയേഴ്സ്, എംആർഎഫ് തുടങ്ങിയ ടയർ നിർമാതാക്കളും പ്രദർശനത്തിൽ തങ്ങളുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തി. ഇന്ത്യൻ നിർമിത വാഹനങ്ങൾക്ക് കുവൈത്ത് വിപണിയിൽ ആവശ്യക്കാർ ഏറുകയാണെന്ന് അശോക് ലെയ്ലാൻഡ് അസിസ്റ്റൻറ് മാർക്കറ്റിംഗ് മാനേജർ ഷാജഹാൻ കണ്ടോത്ത് പറഞ്ഞു. ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷൻസ്, ഇൻഡക്സ് ബാറ്ററീസ്, ഒനിഡ കെൻസ്റ്റാർ, വിഐപിയോ തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകളും പവലിയനുകൾ ഒരുക്കിയിരുന്നു.

മെയ്ഡ് ഇൻ ഇന്ത്യ പ്രദർശനം വീക്ഷിക്കാൻ സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ എത്തിയതായി സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ