ഗാർഹിക തൊഴിലാളികൾക്ക് സ്പോണ്‍സർഷിപ്പ് മാറ്റം അനുവദനീയം: മന്ത്രി അലി അൽഗഫീസ്
Monday, February 20, 2017 7:57 AM IST
ദമാം: ഗാർഹിക തൊഴിലാളികളുടെ സ്പോണ്‍സർഷിപ്പ് മാറ്റം നിബന്ധനകൾക്കു വിധേയമായി നടത്താമെന്ന് സൗദി തൊഴിൽ മന്ത്രി അലി അൽ ഗഫീസ് വ്യക്തമാക്കി. മൂന്നുമാസം തുടർച്ചയായോ ഇടവിട്ടോ ശന്പളം ലഭിച്ചില്ലെങ്കിൽ പുതിയ തൊഴിലുടമയിലേയ്ക്കു ഗാർഹിക തൊഴിലാളിക്കു തന്‍റെ സ്പോണ്‍സർ ഷിപ്പ് മാറ്റാവുന്നതാണ്. എന്നാൽ ഇതിന് തൊഴിൽ മന്ത്രിയിൽ നിന്നോ, തൊഴിൽ മന്ത്രി ചുമതലപ്പെടുത്തുന്ന വ്യക്തിയിൽ നിന്നോ ഉത്തരവുണ്ടായിരിക്കണം.

സൗദിയിൽ എത്തിയ വീട്ടു ജോലിക്കാരെ വിമാനത്താവളങ്ങളിൽ നിന്നും സ്വീകരിക്കാതിരിക്കൽ, ഇവരെ പാർപ്പിച്ച അഭയകേന്ദ്രത്തിൽ നിന്നും പതിനഞ്ച് ദിവസത്തിനകം സ്വീകരിക്കാതിരിക്കൽ, ഇഖാമ എടുത്തു നൽകാതിരിക്കൽ, ഇഖാമ അവസാനിച്ച് ഒരു മാസം കഴിഞ്ഞു പുതുക്കി നൽകാതിരിക്കൽ, തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാൾക്കു വാടകയ്ക്കു നൽകൽ, ബന്ധുക്കൾക്കോ കുടുംബത്തിലെ മറ്റാർക്കെങ്കിലും വേണ്ടിയോ നിർബന്ധിച്ച് ജേലി ചെയ്യിപ്പിക്കൽ, തൊഴിലാളിയെ കൈയേറ്റം ചെയ്യൽ, മോശമായി പെരുമാറൽ തുടങ്ങിയ ഘട്ടങ്ങളിലും തൊഴിലുടമയ്ക്കെതിരെ പരാതി നൽകുകയും പരാതി പരിഗണിക്കുന്നത് നീണ്ടുപോവുകയും ചെയ്യുന്ന ഘട്ടത്തിലും സ്പോണ്‍സർഷിപ്പ് മാറ്റം നടത്തുന്നതിനു ഗാർഹിക തൊഴിലാളിക്കു അവകാശമുണ്ടായിരിക്കും.

ഹൗസ് മെയ്ഡ്, ഹൗസ് ഡ്രൈവർമാർ, മൃഗ പരിപാലകർ, വീട്ടിലെ പാചകക്കാർ തുടങ്ങിയവർക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം