ഒമാനിലെ ഇസ്ലാഹി ഐക്യസമ്മേളനം ശ്രദ്ധേയമായി
Monday, February 20, 2017 7:47 AM IST
മസ്കറ്റ്: മുജാഹിദ് സംഘടനകളുടെ പുനരേകീരണത്തെ തുടർന്നുള്ള ഒമാനിലെ ഇസ്ലാഹി സംഘടനകളുടെ ഐക്യസമ്മേളനം മസ്കറ്റ് റൂവി അൽ മസാ ഹാളിൽ നടന്നു. സമ്മേളനത്തിൽ സ്ത്രീകളടക്കം നൂറുക്കണക്കിന് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുള്ളകോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പിളർപ്പുമായി ബന്ധപ്പെട്ട വേദനയുടെ കാലം ടി.പി. അബ്ദുല്ലക്കോയ മദനി അനുസ്മരിച്ചു. കഴിഞ്ഞ 14 വർഷങ്ങൾ വേദനിച്ചവരാണ് ഞങ്ങൾ. അകന്നിരിക്കുന്നവർക്ക് മുന്പിൽ ഇപ്പോഴും ഈ കവാടം തുറന്നിരിക്കുകയാണ്. പ്രബോധന രംഗത്ത് തുറന്ന മനസോടെ നാം സംവദിക്കുന്നു. ക്ഷമ അവലംബിച്ചും ഐക്യം കാത്തുസൂക്ഷിച്ചും നാം പ്രവർത്തിക്കണം. ഭിന്നിക്കാൻ എളുപ്പമാണ് അടുക്കാനാണ് പ്രയാസം. കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ഐക്യം സാധ്യമാകുന്നതിനു അച്ചടക്കമുള്ള പ്രവർത്തനമാണ് നമ്മിൽ നിന്ന് ഉണ്ടാവേണ്ടത് അദ്ദേഹം ഓർമിപ്പിച്ചു.

വ്യവസായ പ്രമുഖൻ ഗൾഫാർ മുഹമ്മദലി മുഖ്യാതിഥിയായി പങ്കെടുത്തു. മുസ് ലിം സംഘടനകൾ യോജിക്കാവുന്ന മുഴുവൻ മേഘലകളിലും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മതം,മാനവികത, പ്രബോധനം പ്രമേയ വിശദീകരണം കഐൻഎം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി നിർവഹിച്ചു. മതം മുന്നിൽ വയ്ക്കുന്നത് മാനവികതയും മാനുഷികവുമായ പാഠങ്ങളാണ്. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്‍റെയും മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ദാഇയും യുവ പണ്ഡിതനുമായ ചെന്ത്രാപ്പിന്നി ശമീർ ന്ധഖുർആൻ വസന്തമാണ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ചടങ്ങിൽ വെളിച്ചം ഖുർആൻ സന്പൂർണ പഠന പദ്ധതിയുടെ 19-ാം മൊഡ്യൂൾ പ്രകാശനം ഗൽഫാർ മുഹമ്മദലിക്ക് നൽകി ടി.പി. അബ്ദുള്ളക്കോയ മദനി നിർവഹിച്ചു. ദാറു ദഅവ രജിസ്ട്രേഷൻ ഉദ്ഘാടനം എം. സ്വലാഹുദ്ദീൻ മദനി നിർവഹിച്ചു. ഓപ്പണ്‍ ബുക്ക് ഹോം പരീക്ഷയിൽ ഉന്നത വിജയികളായവർക്ക് ടീജാൻ അമീർ ബാബു, മെഹബൂബ് എന്നിവർ അവാർഡ് വിതരണം ചെയ്തു. മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയികളായവർക്ക് അബൂബക്കർ പൊന്നാനി, നദീർ, ശിഹാബുദ്ദീൻ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം നടത്തി.

പി.എ.വി അബൂബക്കർ ഹാജി (കഐംസിസി), സിദ്ദീഖ് ഹസൻ (ഒഐസിസി) മുനീർ വരാന്തരപ്പള്ളി (കെഐഎ), ഉമർ സാഹിബ് (ഇസ്ലാമിക് സെന്‍റർ), ഇന്ത്യൻ ഇസ്ലാഹി സെന്‍റർ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ്, ഷാഹി അംഗടിമുഗർ, എടവണ്ണ മുനീർ, അക്ബർ സാദിഖ്, ജരീർ പാലത്ത്, മുജീബ്ലണ്ടി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം